Sunday, August 3, 2025
No menu items!
Homeവാർത്തകൾഒറ്റപ്പാലം നഗരസഭാ ബസ്‌സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കും

ഒറ്റപ്പാലം നഗരസഭാ ബസ്‌സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കും

ഒറ്റപ്പാലം: പട്ടണത്തിലെ നഗരസഭാ ബസ്‌സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനം. അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള ഇരുനിലക്കെട്ടിടം അപകടാവസ്ഥയിലാണെന്നുളള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാൻ നഗരസഭാകൗൺസിൽ യോഗം തീരുമാനിച്ചത്. കെട്ടിടസമുച്ചയം അപകടാവസ്ഥയിലാണെന്നുള്ളതിന്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിലെ വ്യാപാരികൾക്ക് നോട്ടീസ് നൽകാനും തീരുമാനിച്ചു. 30 ദിവസത്തിനുള്ളിൽ ഒഴിയണമെന്നാവശ്യപ്പെട്ടാണ് അടിയന്തരമായി നോട്ടീസ് നൽകുകയെന്ന് നഗരസഭാധികൃതർ പറഞ്ഞു. ഇതിനുശേഷം പൊളിക്കാനുള്ള നടപടികളിലേക്ക് കടക്കാനാണ് നഗരസഭയുടെ തീരുമാനം. ഈ കെട്ടിടത്തിലെ വ്യാപാരികളെ ബസ്‌സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിയും നഗരസഭ ആലോചിക്കുന്നുണ്ട്. ആവശ്യമായിവന്നാൽ ഇതിനുവേണ്ടി വ്യാപാരികളുമായി ചർച്ചനടത്തുമെന്നും നഗരസഭാധികൃതർ പറഞ്ഞു. ഇതേ നിക്ഷേപത്തിൽ നിലവിലുള്ള വാടകയിൽത്തന്നെ പുതിയകെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടിയാകും സ്വീകരിക്കുക. പാലക്കാട്-കുളപ്പുള്ളി പ്രധാനപാതയോരത്തെ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഉപയോഗയോഗ്യമല്ലെന്നും തൃശ്ശൂർ ഗവ. എൻജിനിയറിങ് കോളജിലെ വിദഗ്ധസംഘം റിപ്പോർട്ട് നൽകിയിരുന്നു.

ബലക്ഷയത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനു പിന്നാലെ നഗരസഭയുടെ നിർദേശപ്രകാരമായിരുന്നു സംഘം പരിശോധന നടത്തിയത്. വർഷങ്ങൾക്ക് മുൻപുതന്നെ, മഴപെയ്യുമ്പോൾ കെട്ടിടത്തിലെ മുറികൾ ചോർന്നൊലിച്ചിരുന്നു. ഈ ഭാഗങ്ങളിൽ സീലിങ്ങിൽനിന്ന്‌ കോൺക്രീറ്റ് കഷ്ണങ്ങൾ അടർന്നുവീഴുന്നതും പതിവായിരുന്നു. നേരത്തേ നഗരസഭാ കെട്ടിടത്തിനുമുകളിൽ ഷീറ്റുമേഞ്ഞാണ്‌ താത്കാലിക പരിഹാരം കണ്ടിരുന്നത്.

പിന്നീട് പലപ്പോഴും കെട്ടിടത്തിനുപുറത്തും അകത്തും സമാന സംഭവങ്ങൾ
ആവർത്തിച്ചു. കെട്ടിടത്തിൽ കോൺക്രീറ്റിന് ഉപയോഗിച്ചിരുന്ന ഇരുമ്പുകമ്പികൾപോലും തുരുമ്പെടുത്ത്‌ ദുർബലപ്പെട്ട നിലയിലാണെന്നതുൾപ്പെടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു,
ഇതൊക്കെ കണക്കിലെടുത്താണ് ഇനിയൊരപകടം ഉണ്ടാകാതിരിക്കാൻ നഗരസഭ പൊളിക്കൽനടപടികളിലേക്ക് കടക്കുന്നത്. ഇരുപതോളം സ്ഥാപനങ്ങളാണ് നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments