ഒറ്റപ്പാലം: 24 മണിക്കൂർ അത്യാഹിതസേവനം ലഭ്യമാക്കേണ്ട താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എപ്പോഴും രോഗികളുടെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. അത്യാഹിതസേവനത്തിനായ് ഈ താലൂക്ക് ആശുപത്രിയിൽ ആകെയുള്ളത് ഒരു ഡോക്ടർ ആണ്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജനറൽ ഒപി ക്ക് സമാനമാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം.
അടിയന്തിര വൈദ്യസഹായം ആവശ്യമായി വരുന്ന രോഗികളിൽ ആർക്ക് പ്രഥമ പരിഗണന നൽകണം എന്നത് ഡ്യൂട്ടി ഡോക്ടറെ സംബന്ധിച്ച് ബാലികേറാമലയാണെന്ന് നിസ്സംശയം പറയാം. നിരവധി തവണ വകുപ്പ് മന്ത്രിക്കും ഉന്നത അധികാരികൾക്കും നാട്ടുകാർ പരാതി നൽകിയെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. അത്യാഹിതസേവനമെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുവാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.