ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ബില്‍ തിങ്കളാഴ്ച അവതരിപ്പിച്ചേക്കും. ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷ തീരുമാനം. രാജ്യത്തിന്‍റെ ഫെഡറല്‍ അന്തസത്തയ്ക്ക് എതിരായ ആക്രമണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പിന്നാലെയാണ് ബില്‍ ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനുളള കേന്ദ്രനീക്കം. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 129 ഭേദഗതി ബില്‍, ആര്‍ട്ടിക്കിള്‍ 82, 83, 172, 327, പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ എന്നിവയും അവതരിപ്പിച്ചേക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനയിലും മറ്റ് ചട്ടങ്ങളിലും 18ഓളം ഭേദഗതികള്‍ വേണെന്നാണ് സമിതിയുടെ റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത.