കുന്നത്തൂർ: ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡിൽ കേരളത്തിൽ ആദ്യമായി പൂർണ്ണമായും സ്റ്റിൽ കോൺക്രിറ്റ് കോമ്പോസിറ്റ് രീതിയിൽ നിർമ്മിച്ച ആദ്യ പാലമാണ് മാളിയേക്കൽ റെയിൽവേ മേൽപ്പാലം. മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ഓൺലൈനായി മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവ്വഹിച്ചു.
ദീർഘകാലമായി മണിക്കൂറുകളോളം ലെവൽക്രോസിൽ കുടുങ്ങി കിടന്നിരുന്ന ജനങ്ങളുടെ യാത്രദുരിതത്തിന് പാലം തുറന്ന് കൊടുത്തതിലൂടെ ഒരു പരിധി വരെ പരിഹാരമായത്. എന്നാൽ ഈ ദുരിതം പൂർണ്ണമായും പരിഹരിക്കപ്പെടണമെങ്കിൽ കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളിയിൽ കൂടി മേൽപ്പാലം ഉണ്ടായാൽ മാത്രമേ ഈ ദുരിതപർവ്വത്തിൽ നിന്ന് ജനങ്ങൾ പൂർണ്ണമായും മുക്തരാകു.
മാളിയേക്കൽ മേൽപ്പലം അന്തരിച്ചമുൻ എം.എൽ.എ .ശ്രീ ആർ രാമചന്ദ്രൻ്റെ ഇടപെടലിനെ തുടർന്ന് മുൻ എൽ.ഡി.എഫ്. സർക്കാർ മേൽപ്പാലത്തിന് ആവശ്യമായ 33 . 04 കോടി രൂപ അനുവദിച്ചു. 547 മീറ്റർ നീളവും 10 .2 മീറ്റർ വീതിയുമാണ് പാലത്തിന് ഉള്ളത്. ഇതിൻ്റെ പൈൽ, പൈൽ ക്യാപ്പ് , ഡക്ക്, സ്ലാബ് എന്നിവ കോൺക്രിറ്റിലും പിയർ ,പിയർ ക്യാപ്പ് , ഗാർഡറുകൾ എന്നിവ സ്റ്റിലിലുമാണ് നിർമ്മിച്ചിട്ടുള്ളത്. 33- സ്പാനുകളും 51 പൈലുകളും 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെൻ്റുകളും പാലത്തിനുണ്ട് . മുൻ എം.എൽ.എ. രാമചന്ദ്രനെ തുടർന്ന് കരുനാഗപ്പള്ളിയുടെ യുവരക്തം സി.ആർ മഹേഷ് എം.എൽ.എ യുടെ നിരന്തരമായ ഇടപെടലാണ് ഇത്രവേഗം മേൽപാലത്തിൻ്റെ പണി പൂർത്തികരിക്കപ്പെട്ടത് എന്നത് എടുത്തു പറയേണ്ടതാണ്.
ഈ മേൽപ്പാലത്തിൻ്റെ ഉത്ഘാടന ചടങ്ങിൽ സി.ആർ.മഹേഷ് എം എൽ .എ , ജില്ലാ പഞ്ചയത്ത് പ്രസിഡൻ്റ് ഡോ. പി. കെ. ഗോപൻ, ജില്ലാ കളക്ടർ. ദേവി ദാസ്, ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ അനിൽ എസ്സ് കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുമാരി, കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. മേൽപ്പാലം തുറന്നു കിട്ടിയ ആദ്യദിനം രാത്രി ഏറെ വൈകിയും നാടും നാട്ടുകാരും അയൽ ജില്ലക്കാരുമുൾപ്പെടെയുള്ളവർ ആദ്യ യാത്ര അനുഭവം ആസ്വദിക്കയാണ്.



