ശ്രീനഗര്‍: പ്രത്യേക പദവി എടുത്തുമാറ്റിയതിനു ശേഷമുള്ള ജമ്മു കശ്മീരിലെ ആദ്യമുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യാസഖ്യത്തിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ശ്രീനഗറിലെ ഷേരി-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഒമറിനൊപ്പം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയിലെ മറ്റംഗങ്ങളായ സകീന മസൂദ്, ജാവേദ് ദര്, ജാവേദ് റാണ, സുരിന്ദര്‍ ചൗധരി എന്നിവര്‍ക്കൊപ്പം സ്വതന്ത്രനായ സതീഷ് ശര്‍മയും സത്യപ്രതിജ്ഞ ചെയ്തു. ജമ്മുവില്‍ നിന്നുള്ള സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിച്ചുകൊണ്ട് തന്നെ അതിനു തുടക്കമാകട്ടേയെന്നും ഒമര്‍ സത്യപ്രതിജ്ഞാചടങ്ങിനു ശേഷം പ്രതികരിച്ചു.



