ബെംഗളൂരു: പുത്തൻ ചുവടുവെപ്പുമായി ഐ എസ് ആർ ഒ. യൂറോപ്യൻ സ്പേസ് ഏജൻസി (ഇ എസ് എ) യുമായി നിർണായക കരാറിൽ ഒപ്പുവെച്ചു. ബഹിരാകാശ രംഗത്ത് കൂടുതൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കരാർ. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സഹകരണത്തിനാണ് ഇരു ഏജൻസികളും കരാറിൽ ഏർപ്പെട്ടത്. ഐ എസ് ആർ ഒ ചെയർമാൻ ഡോ എസ് സോമനാഥനും ഇ എസ് എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറിൽ ഒപ്പുവെച്ചത്. മനുഷ്യ ബഹിരാകാശ പര്യവേഷണത്തിലും ഗവേഷണത്തിലും സഹകരണ പ്രവർത്തനങ്ങൾക്ക് ഒരു ചട്ടക്കൂട് ഈ കരാർ നൽകുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോ മെഡിക്കൽ ഗവേഷണ പരീക്ഷണം, ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള പരീക്ഷണം, വിദ്യാഭ്യാസ പരിപാടികൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഐ എസ് ആർ ഒ പറഞ്ഞു.
അതേ സമയം വരാനിരിക്കുന്ന ആക്സിയം – 4 ദൗത്യത്തിനായുള്ള സംയുക്ത പ്രവർത്തനങ്ങളുടെ പുരോഗതിയിൽ ഇരു ഏജൻസികളുടെയും നേതൃത്വം സംതൃപ്തി പ്രകടിപ്പിക്കുകയും ഭാവിയിൽ മനുഷ്യ ബഹിരാകാശ മേഖലയിൽ തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്യുന്നു. ഐ എസ് ആർ ഒയുടെ ഭാവി പദ്ധതിയായ തദ്ദേശീയ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ( ബി എ എസ് ) വിഭാവനത്തിൽ ഈ പുതിയ സഹകരണം നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്.