നമ്മുടെ തലമുറ ലഹരിയുടെ അടിമത്തത്തിലേയ്ക്ക് വീണുകൊണ്ടിരിക്കുമ്പോൾ ഒന്നിച്ച് ഈ വിപത്തിന് എതിരെ പോരാടേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒന്നാമതായി ഇതിന് വേണ്ടത് ശക്തമായ ഒരു ബോധവൽക്കരണമാണ്. സാധാരണയായി ഈ ബോധവൽക്കരണ ക്ലാസ്സുകൾ കൗമാര പ്രായക്കാർക്കാണ് നൽകുന്നത്. എന്നാൽ കൗമാരത്തിലേയ്ക്ക് കടക്കുന്നതിന് മുമ്പ് 5, 6, 7 എന്നീ ക്ലാസ്സുകളിലെ കുട്ടികളേയും കേന്ദ്രീകരിച്ച് ഈ ക്ലാസ്സുകൾ നടത്തപ്പെട്ടാൽ കുറേക്കൂടി ഫലവത്തായിത്തീരും. മാതാപിതാക്കൾക്കും, സൺഡേ സ്കൂൾ ഉൾപ്പടെയുള്ള അദ്ധ്യാപകർക്കും ബോധവൽക്കരണവും പരിശീലനവും ആവശ്യമാണ്. ലഹരി വ്യാപനം കൂടുതലായി കാണപ്പെടുന്ന ചില കോളനികൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവും, പുനരധിവാസ പദ്ധതികളും നടത്തപ്പെടണം.
ലഹരിയുടെ പിടിയിൽ നിന്ന് രക്ഷപെടാൻ ചികിത്സ വേണ്ടിയവരെ തിരിച്ചറിഞ്ഞ്, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യമായും ചികിത്സ നൽകപ്പെടണം. ലഹരിയുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരേയും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക കരുതൽ കൊടുക്കണം. സർക്കാർ വകുപ്പുകളും, എൻ.ജി.ഓ.കളും ചേർന്നുള്ള കർമ്മ പരിപാടികൾ ശക്തിപ്പെടണം.
മേൽപ്പറഞ്ഞവയെല്ലാം ഉൾപ്പെടുത്തിയ ഒരു കർമ്മ പരിപാടിയുടെ തുടക്കമായി 01.05.2025 രാവിലെ 8:30 ന് കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച് മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ വൈകിട്ട് 5:30 ന് അവസാനിക്കുന്ന ഒരു വാഹന പ്രചരണ റാലി കോട്ടയത്തെ ഐക്യ ക്രിസ്തീയ കൂട്ടായ്‌മ്‌മ ഒരുക്കുന്നു.
ഈ റാലി ബഹു. ദേവസ്വം തുറമുഖം സഹകരണ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ സഭാമേലധ്യക്ഷന്മാരും സാമൂഹിക നേതാക്കന്മാരും പങ്കെടുക്കുന്നു. കോട്ടയം മുതൽ മുണ്ടക്കയം വരെ തെരഞ്ഞെടുത്ത 15 സ്ഥലങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും കോളജുകളിലേയും സ്കൂളുകളിലേയും കുട്ടികൾ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ കലാപരിപാടികളും ഉണ്ടായിരിക്കും.



