ലഡാക്ക്: ഏഷ്യയിലെ ഏറ്റവും വലിയ ടെലിസ്‌കോപ്പ് ലഡാക്കിലെ ഹാന്‍ലെയില്‍ ഉദ്ഘാടനം ചെയ്തു. ഏകദേശം 43,00 മീറ്റര്‍ ഉയരത്തിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗാമാ റേ ടെലിസ്‌കോപ്പ് കൂടിയാണിത്. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇസിഐഎല്‍) മറ്റ് ഇന്ത്യന്‍ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍(ബിഎആര്‍സി) തദ്ദേശീയമായി വികസിപ്പിച്ചതാണ് മേജര്‍ അറ്റ്‌മോസ്ഫിയറിക് ചെരങ്കോവ് എക്‌സ്‌പെരിമെന്റ്(എംഎസിഇ) എന്ന ഈ ഭീമന്‍ ടെലിസ്‌കോപ്പ്.
ഉയര്‍ന്ന ഊര്‍ജമുള്ള ഗാമാ രശ്മികളെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ക്ക് അവസരമൊരുക്കുന്നതാണ് ഈ ടെലിസ്‌കോപ്പ്. സൂപ്പര്‍നോവ (ജ്യോതിര്‍ഗോളവിസ്‌ഫോടനത്തിന്റെ ഫലമായി തെളിയുന്ന നക്ഷത്രം), താമോഗര്‍ത്തങ്ങള്‍, ഗാമാ-റേ പൊട്ടിത്തെറികള്‍(gamma-ray bursts) എന്നിവയെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് കരുതുന്നു. ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ 200 ദശലക്ഷം പ്രകാശവര്‍ഷം അകലെയുള്ള ഗാമാ റേ ജ്വാലകള്‍ ഈ ടെലിസ്‌കോപ്പ് കണ്ടെത്തിയിരുന്നു.
എംഎസിഇ ടെലിസ്‌കോപ്പിനെക്കുറിച്ച്21 മീറ്റര്‍ വ്യാസവും 175 ടണ്‍ ഭാരവുമുണ്ട് ഈ ടെലിസ്‌കോപ്പിന്. 356 ചതുരശ്ര മീറ്റര്‍ റിഫ്‌ളക്ടര്‍ ഏരിയയും 712 അക്യുറ്റേറ്ററുകളും 68 ക്യാമറാ മൊഡ്യൂളുകളും ഈ ടെലിസ്‌കോപ്പിനുണ്ട്. ഭാരം കുറഞ്ഞ രീതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ താപനിലയിലെ വ്യതിയാനവും ഇതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല.ഭൂമിയുടെ അന്തരീക്ഷം ഗാമാ രശ്മികളെ കടത്തിവിടാത്തതിനാല്‍ ഭൂമിയുടെ ഉപരിതലത്തിലേക്ക് അവയ്ക്ക് പ്രവേശിക്കാൻ ആകില്ല. എങ്കിലും അന്തരീക്ഷവുമായുള്ള പ്രതിപ്രവര്‍ത്തനം ഉയര്‍ന്ന ഊര്‍ജ കണങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ഗാമ രശ്മികൾ വിമാനത്തിന്റെ വേഗതയേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ സോണിക് ബൂമിന് സമാനമായ ചെരങ്കോവ് വികിരണങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു.എന്തുകൊണ്ട് ഹാന്‍ലെ? ഗാമാ കിരണങ്ങളുടെ നിരീക്ഷണത്തിന് പ്രകാശ മലിനീകരണം വളരെ കുറഞ്ഞ സ്ഥലമാണ് വേണ്ടത്. ഹാന്‍ലെയില്‍ പ്രകാശ മലിനീകരണം വളരെക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാത ഈ സ്ഥലം സ്ഥിതി ചെയ്യുന്ന രേഖാംശം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പോലും അദൃശ്യമായ ഉറവിടങ്ങള്‍ നിരീക്ഷിക്കാന്‍ എംഎസിഇയെ പ്രാപ്തമാക്കുന്നു.ഇരുണ്ട ആകാശവും കുറഞ്ഞ ഈര്‍പ്പവും വായുമിലിനീകരണവുമില്ലാത്ത ഹാന്‍ലെ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് സ്വര്‍ഗം പോലെയാണെന്ന് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ഇന്ത്യയുടെ ആണവ മേധാവിയുമായ ഡോ. എകെ മൊഹന്തി പറഞ്ഞു.



