തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം ആശങ്കക്കിടയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ബുധനാഴ്ച നടക്കും. വൈകീട്ട് 4.30ന് ഓൺലൈനായാണ് യോഗം ചേരുക. കമീഷൻ നടപടിക്കെതിരെ കോടതിയെ സമീപിക്കണമെന്നതാണ് സർക്കാറിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പൊതു വികാരം. ഇക്കാര്യത്തിൽ യോഗം അന്തിമ രൂപ കാണും. തദ്ദേശ തെരഞ്ഞെടുപ്പിന് സമാന്തരമായി എസ്.ഐ.ആർ നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾക്കൊപ്പം പൗരത്വ നിയമം കുറുക്കുവഴിയിലൂടെ നടത്താനുള്ള ശ്രമമാണിതെന്ന വിമർശനവും ഇടതുപക്ഷവും യു.ഡി.എഫും ഉന്നയിക്കുന്നു.



