മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹെെസ്ക്കൂളിലെ 1970 SSLC ബാച്ച് `കുട്ടികളുടെ’ 55 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള അപൂര്‍വ്വമായ ഒത്തുചേരല്‍ വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമായി. 70 -നു മേല്‍ പ്രായമായ പഴയ സഹപാഠികള്‍ വീണ്ടും പേരു പറഞ്ഞു പരിചയം പുതുക്കിയപ്പോള്‍ പലരും അമ്പരന്നു. കണ്ടുനിന്നവര്‍ക്കും പേരക്കുട്ടികള്‍ക്കും ആവേശമേറെയായി. ചിലര്‍ കണ്ണുനീരണിഞ്ഞു. അസുഖങ്ങള്‍ കാരണം ശാരീരിക ബലഹീനത ഉണ്ടായിട്ടും മകന്റെ കെെപിടിച്ച് പിച്ചവെച്ച് പടുകിഴവിയായി കൂനികൂനി നടന്നുവന്ന പഴയ കൂട്ടുകാരി സുലോചനയെ കണ്ടപ്പോള്‍ കൂടിനിന്നവര്‍ കെെയടിച്ചു സ്വീകരിച്ചു. പിന്നീട് പരിചയം പുതുക്കലും കുശലങ്ങളും ഓര്‍മ്മക്കഥകളും തുടങ്ങി.
ഒന്നാം മണി മുതല്‍ മൂന്നാം മണി വരെ അടിച്ചതോടെ `കുട്ടികള്‍' ജാതിച്ചോട്ടിലെ ക്ളാസില്‍ കയറി. പ്രാര്‍ത്ഥനാ ഗീതമാലപിച്ചു. ഹാജര്‍ വിളിച്ചു ക്ളാസ് തുടങ്ങുന്നതിനു മുന്‍പ്, മരണപ്പെട്ട തങ്ങളുടെ സഹപാഠികളുടെ ഓര്‍മ്മയില്‍ ഒരു നിമിഷം മൗനം ആചരിച്ചു.
പ്രായോഗിക ജീവിതത്തില്‍ തലമുറകളിലെ അന്തരവും, സ്വന്തം മക്കളുടെ അകല്‍ച്ചയും പേരക്കുട്ടികളുടെ അടുപ്പവും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രായമായവരെ മരണശേഷവും വെന്റിലേറ്ററില്‍ കിടത്തി പണം കൊയ്യുന്ന സ്വകാര്യ ആശുപത്രികള്‍ ഉള്ള നിലവിലെ സാഹചര്യത്തില്‍ , മരണാനന്തര താല്പര്യങ്ങള് സംബന്ധിച്ചുള്ള ഒരു താല്പര്യപത്രം നേരത്തെ തയ്യാറാക്കി വയ്ക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയായി.
ഉച്ചയ്ക്ക് പായസം ഉള്‍പ്പടെയുള്ള വിഭവസമൃദ്ധമായ വെജിറ്റേറിയന്‍ സദ്യയും ആസ്വദിച്ചാണ് പിരിഞ്ഞത്.
1970-ല്‍ മൂന്നു ക്ളാസ്സുകളിലായി 118 പേര് പഠിച്ചിറങ്ങിയവരില്‍ ഒരു പള്ളിവികാരി ഉള്‍പ്പടെ പതിനെട്ടോളം പേര് ഇതിനകം മരണമടഞ്ഞു. നിരവധി വയോധികര്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുമാണ്. എങ്കിലും അധികം പേരും `SSLC-1970′ എന്ന വാട്ട്സാപ്പ് കൂട്ടായ്മവഴി നിരന്തരം ബന്ധപ്പെട്ട് പേരക്കുട്ടികളുടെ സഹായത്തോടെ സൗഹൃദം നിലനിര്‍ത്തുന്നവരാണ്. തുടക്കത്ഥില് ഇവരെയെല്ലാം കണ്ടെത്തുന്നതിനും പരിചയം പുനഃസ്ഥാപിച്ച് ആശയവിനിമയം നടത്തുന്നതിനും ദീര്‍ഘകാലം വേണ്ടിവന്നതായി മുന്‍നിര പ്രവര്‍ത്തകര്‍ പറഞ്ഞു. അങ്ങനെയാണ് ആദ്യ സംഗമം 2022 മെയ് മാസത്തില്‍ സംഘടിപ്പിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ സാധാരണമാണെങ്കിലും അഞ്ചര പതിറ്റാണ്ടിനു ശേഷം സമ്മേളിക്കുന്നത് അപൂര്‍വ്വതയാണ്.
അന്നത്തെ അദ്ധ്യാപകരില്‍ ജീവിച്ചിരിക്കുന്നവര്‍ 2 പേര് മാത്രമാണ്. ഓഫീസ് സ്റ്റാഫില്‍ ഒരാളും. അവര്‍ക്കു പ്രായം 96 വരും. പങ്കെടുത്ത `കുട്ടികളി' ല്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍നിന്ന് എത്തിയവരാണ്. വിദേശരാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ജീവിക്കുന്നവരും ഏറെയാണ്.
കൂട്ടായ്മയില്‍ ഇ.എന്‍.രേവമ്മയെ അനുമോദിച്ചു. ടി.ജെ. കുര്യാക്കോസ്, സിസ്റ്റര്‍ വത്സമ്മ ജോസഫ്, എത്സ എസ്, സിറില്‍ ജോസ്, ജാന്‍സി തോമസ്, ദേവകിക്കുട്ടി, ചന്ദ്രവതി, മേരി എം.ജെ. , ടി.ജെ.സ്റ്റീഫന്‍ ,സി.ജെ.ജോസഫ് ഫിലോമിന തുടങ്ങിയവര്‍ സംസാരിച്ചു.
എ.എസ്. ചന്ദ്രമോഹനന് സ്വാഗതവും വത്സമ്മ ജോസഫ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും അവതരിപ്പിച്ചച്ചു



