Monday, July 7, 2025
No menu items!
Homeവാർത്തകൾഎറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്

എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്

കൊച്ചി: മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എറണാകുളത്ത് ജനങ്ങൾ കൂടുതൽ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്. പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ ശുദ്ധമല്ലാത്ത വെളളത്തിൽ നിർമിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ വർഷം ഇതുവരെ ജില്ലയിൽ 563 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് സ്ഥിരീകരിച്ചത്. ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂർ, ആവോലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ. കല്യാണങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും തിളപ്പിക്കാത്ത വെള്ളത്തിൽ തയ്യാറാക്കുന്ന വെൽക്കം ഡ്രിങ്കുകൾ, ചൂട് വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഞ്ഞപ്പിത്തരോഗം പടർന്നു പിടിക്കാതിരിക്കാൻ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments