Saturday, December 20, 2025
No menu items!
Homeവാർത്തകൾഎറണാകുളം ജില്ലാതല കേരളോത്സവം 19 മുതൽ

എറണാകുളം ജില്ലാതല കേരളോത്സവം 19 മുതൽ

എറണാകുളം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും  സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം ഡിസംബർ 19 മുതൽ 30 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 13 വേദികളിലായി നടക്കുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും നഗര സഭകളിൽ നിന്നും കോർപറേഷനറിൽ നിന്നും വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മൂവായിരത്തിലധികം കലാ, കായിക താരങ്ങൾ പങ്കെടുക്കുന്ന ജില്ലാ കേരളോത്സവത്തിന് മുന്നോടിയായി 19 ന് 3.30 ന് സിവിൽ സ്റ്റേഷ൯ പരിസരത്ത് ടീം കേരളയുടെ  ഫ്ലാഷ് മോബ് നടക്കും. തുടർന്ന് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയർത്തും 20 ന്  രാവിലെ 9.30 ന് കേരളോത്സവത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. ഉമ തോമസ് എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, സംസ്ഥാന യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാൾ, ഇ എം എസ് ഹാൾ, ഉമ്മൻചാണ്ടി ഹാൾ, ലീഡേഴ്സ് ചേംബർ, തൃക്കാക്കര കമ്മ്യൂണിറ്റി ഹാൾ എന്നീ വേദികളിൽ 20, 21, 22 തീയതികളിൽ വിവിധ കലാ മത്സരങ്ങൾ നടക്കും.  22-ന് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്ത്  പഞ്ചഗുസ്തി, കളരിപ്പയറ്റ് മത്സരങ്ങളും 23, 24 തീയതികളിൽ കളമശ്ശേരി ഗവ. പോളിടെക്നിക് ഗ്രൗണ്ടിൽ അത് ലറ്റിക്സ്  മത്സരങ്ങളും നടക്കും. 27 ന്   മുളന്തുരുത്തി കാരിക്കോട് ഗവ. യു.പി സ്ക്കൂളിൽ രണ്ടു നീന്തൽ മത്സരങ്ങളും കളമശ്ശേരി ഗവ. പോളിടെക്നിക്  ഗ്രൗണ്ടിൽ 27, 28, 29 തീയതികളിലായി ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ് മത്സരങ്ങളും, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം സെന്റ് ജോർജ്ജ് വോളിബോൾ ക്ലബിൽ  28, 29 തീയതികളിലായി വോളിബോൾ മത്സരങ്ങളും, പെരുമ്പാവൂർ ആശ്രമം ഹൈസ്കൂളിൽ 27, 28, 29 തീയതികളിലായി ഫുട്ബോൾ മത്സരങ്ങളും, കാക്കനാട് മാവേലിപുരം ഇൻഡോർ സ്റ്റേഡിയത്തിൽ 27, 28 തീയതികളിലായി ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങളും, പോഞ്ഞാശ്ശേരി ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ടിൽ 27 ന്  ആർച്ചറി മത്സരവും, കാക്കനാട് സിവിൽ സ്റ്റേഷൻ ഗ്രൗണ്ടിൽ 28 ന്  കബഡി, വടംവലി മത്സരങ്ങളും നടക്കും.

 28 ന് വൈകുന്നേരം 4 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും തമ്മിലുള്ള സൗഹൃദ വടം വലി മത്സരവും 30 ന് വൈകിട്ട് 6 ന് ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിലുള്ള ഫുട്ബോൾ മത്സരവും നടക്കുമെന്ന്  പ്രസിഡന്റ് പറഞ്ഞു. 

വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷൻ തലങ്ങളിൽ നിന്നും വിജയിച്ച പ്രതിഭകളാണു ജില്ലാ തലത്തിൽ മാറ്റുരയ്ക്കുന്നത്. ദേശീയ യുവോത്സവ ഇനങ്ങളായ വായ്പ്പാട്ട് (ക്ലാസിക്കൽ, ഹിന്ദുസ്ഥാനി), മണിപൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്ലൂട്ട്, സ്റ്റോറി റൈറ്റിങ് (ഇംഗ്ലീഷ് /ഹിന്ദി)എന്നീ ഇനങ്ങൾ ജില്ലാ തലത്തിൽ ഓൺലൈൻ മുഖാന്തിരം നേരിട്ട് എൻട്രികൾ സ്വീകരിച്ചാണു മത്സരം നടത്തുന്നത്.

30 ന് രാവിലെ 10 ന്  സമാപനസമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. മറ്റ് എംപി മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഈ ചടങ്ങിൽ വിജയികൾക്കുള്ള എവർ റോളിങ് ട്രോഫികളും വിതരണം ചെയ്യും.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments