Sunday, August 3, 2025
No menu items!
Homeവാർത്തകൾഎറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയിൽ 15 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

എറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയിൽ 15 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയിൽ 15 പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വൈപ്പിന്‍, പറവൂര്‍, ആലുവ, പെരുമ്പാവൂര്‍, കുന്നത്തുനാട്, പിറവം നിയോജക മണ്ഡലങ്ങളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി 9.18 കോടി രൂപയുടെ വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

രാവിലെ 9.30ന് മാലിപ്പുറത്ത് വൈപ്പിന്‍ മണ്ഡലത്തിലെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. മാലിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിനായി 67 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കല്‍ (35 ലക്ഷം), നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രളയ പുന:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ (53.60 ലക്ഷം), പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തല്‍ (15.50 ലക്ഷം) എന്നീ പദ്ധതികള്‍ ഓണ്‍ലൈനായും ഉദ്ഘാടനം ചെയ്യും. വൈപ്പിന്‍ മണ്ഡലത്തില്‍ 1.71 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ്—മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

പറവൂര്‍ നിയോജക മണ്ഡലത്തിലെ 74 ലക്ഷം രൂപയുടെ രണ്ട് പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. വരാപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തെ 37 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഇവിടെ നിന്ന് എഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായും നിര്‍വഹിക്കും.

ആലുവ നിയോജക മണ്ഡലത്തില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ലക്ഷ്യ സ്റ്റാഡേര്‍ഡ്‌സില്‍ 2.15 കോടി രൂപ ചെലവില്‍ നിര്‍മിച്ച ലേബര്‍ റൂമിന്റേയും എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്ററിന്റേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഇവിടെ നിന്നും ഓണ്‍ലൈനായി 55.50 ലക്ഷം വിനിയോഗിച്ച് നെടുമ്പാശേരി മള്ളുശേരിയില്‍ നിര്‍മിച്ച ജനകീയാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടവും ഉദ്ഘാടനം ചെയ്യും. ആലുവയില്‍ 2.71 കോടി രൂപയുടെ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയത്.

37.5 ലക്ഷം രൂപ വിനിയോഗിച്ച് വേങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെയും 15.5 ലക്ഷം രൂപ ചെലവഴിച്ച് അശമന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെയും ഉദ്ഘാടനമാണ് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വേങ്ങൂരില്‍ നടക്കുക. 53 ലക്ഷത്തിന്റെ വികസന പദ്ധതികളാണ് പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുന്നത്.

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ 77 ലക്ഷം രൂപ ചെലവഴിച്ച മൂന്ന് വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. 35 ലക്ഷം രൂപ ഉപയോഗിച്ച് മലയിടംതുരുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഇവിടെ നിന്നും വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കിയിതിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍നായി നിര്‍വഹിക്കും. 35 ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിനായി ചെലവഴിച്ചത്. 7 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച വാഴക്കുളം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും.

പിറവം നിയോജക മണ്ഡലത്തില്‍ രണ്ട് വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പിറവം താലൂക്ക് ആശുപത്രിയില്‍ 2.35 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. 37.5 ലക്ഷം രൂപ വിനിയോഗിച്ച് കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments