Sunday, December 21, 2025
No menu items!
Homeവാർത്തകൾഎറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിക്കുന്നു; 2.9 ഏക്കറിൽ 12 കോടി ചെലവിൽ മൊബിലിറ്റി ഹബ്...

എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിക്കുന്നു; 2.9 ഏക്കറിൽ 12 കോടി ചെലവിൽ മൊബിലിറ്റി ഹബ് വരും

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ് ആധുനികീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം ഉടനെ പൊളിക്കും. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. ടെണ്ടർ നടപടികൾ  പൂർത്തിയാക്കി പൊളിക്കൽ ആരംഭിക്കും. കെ.എസ്.ആർ.ടി.സി യുടേയും വൈറ്റില  മൊബിലിറ്റി ഹബ്ബിൻ്റേയും ഉടമസ്ഥതയിലുള്ള ഭൂമി പരസ്പരം വച്ചുമാറാനുള്ള ആലോചന ഉപേക്ഷിച്ചു. ഇതനുസരിച്ച് ധാരണാപത്രത്തിലും മാറ്റം വരുത്തും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ്, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്.  

കാരിക്കാമുറിയിലെ ഭൂമിയിൽ 2.9 ഏക്കറാണ് പുതിയ ടെർമിനലിൻ്റെ നിർമ്മാണത്തിനായി കെ.എസ്.ആർ.ടി.സി നൽകുക. നിർമ്മാണം പൂർത്തിയാകുമ്പോൾ പുറത്തേക്കുള്ള വഴിയും ടെർമിനലിൻ്റെ ഭാഗമാകും. പുതിയ ടെർമിനലിലെ 6 ബസ് ബേകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി ഉപയോഗിക്കാൻ വിട്ടു നൽകും. സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ജീവനക്കാർക്കുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഗാരേജ് മാറ്റി സ്ഥാപിക്കും. യൂസർ ഫീ നൽകുന്നതിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കും. പുതിയ ടെർമിനലിൽ വരുമാന സൃഷ്ടിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും. വൈറ്റില ടെർമിനലിൽ കെ.എസ്.ആർ.ടി.സിക്ക് ഉപയോഗാവകാശവും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സൗകര്യങ്ങളും നൽകും. കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ ബസുകൾക്കും കയറാൻ കഴിയുന്ന വിധം വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിലുള്ള കെട്ടിടം നിർമിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണച്ചുമതല.

കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) 12 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്.  കൊച്ചി നഗരത്തിൽ കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യ ബസുകളുടെയും രണ്ട് ഹബ്ബുകൾ ഇതോടെ നിലവിൽ വരും. കരിക്കാമുറിയിൽ ഹബ്ബ് വരുമ്പോൾ അതിനോടു ചേർന്നുതന്നെയാണ് സൗത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനുമെന്ന എന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മന്ത്രിമാരെ കൂടാതെ ടി.ജെ. വിനോദ് എം.എൽ.എ, ഗതാഗത വകുപ്പ് സെക്രട്ടറി കെ. വാസുകി, ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച് നാഗരാജു, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പി.എസ് പ്രമോജ് ശങ്കർ, ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ്, ഡിസ്ട്രിക്ട് ഡവലപ്മെൻ്റ് കമ്മീഷണർ അശ്വതി നായർ, സ്മാർട്ട് സിറ്റി മിഷൻ സിഇ ഒ ഷാജി വി നായർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments