Monday, August 4, 2025
No menu items!
Homeവാർത്തകൾഎരുമേലി ക്ഷേത്ര പരിസരത്തെ പൊട്ട് കുത്തലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ സംവിധാനമൊരുക്കും

എരുമേലി ക്ഷേത്ര പരിസരത്തെ പൊട്ട് കുത്തലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ സംവിധാനമൊരുക്കും

എരുമേലി ക്ഷേത്ര പരിസരത്തെ പൊട്ട് കുത്തലിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സൗജന്യ സംവിധാനമൊരുക്കും. പൊട്ട് കുത്തൽ എന്നത് എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ആചാരമല്ല. പേട്ട തുള്ളലിന് ശേഷം കുളിച്ച് വരുന്ന അയ്യപ്പ ഭക്തർ ദേഹത്ത് കുങ്കുമവും ചന്ദനവും പൂശുന്ന പതിവുണ്ടായിരുന്നു. ആദ്യം പ്രദേശ വാസികളാണ് ഇത്തരത്തിൽ പൊട്ട് കുത്തി നൽകിയിരുന്നതെങ്കിൽ പിന്നീട് പ്രദേശവാസികളും അല്ലാത്തവരുമായ നൂറ് കണക്കിന് ആളുകൾ പൊട്ട് കുത്തലുകാരായി എത്തി അയ്യപ്പ ഭക്തരെ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്യുന്നെന്ന പരാതികൾ ഉയർന്നു.

ദേഹശുദ്ധി വരുത്തി വരുന്ന അയ്യപ്പ ഭക്തരെ പൊട്ട് കുത്താനുള്ള കച്ചവട താൽപര്യം മുൻ നിർത്തിയുള്ള മത്സരം നടപ്പന്തലിൽ അടക്കം വലിയ സംഘർഷത്തിലേക്ക് മാറി. തുടർന്ന് ഇത് നിയന്ത്രിക്കണമെന്ന പോലീസിന്റെ നിർദ്ദേശത്തെ തുടർന്നും അയ്യപ്പ ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനും ക്ഷേത്രത്തിലെ സമാധാന അന്തരീക്ഷം സംരക്ഷിക്കുന്നതിനുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊട്ട് കുത്തൽ ചടങ്ങ് ഏറ്റെടുത്തത്.

ഇത് കുത്തകയിൽ പെടുത്തിയപ്പോഴോ ലേലം ചെയ്യുമ്പോഴോ ഉന്നയിക്കാത്ത പ്രശ്‌നങ്ങളുമായി ലേലം ഉറപ്പിച്ച് കഴിഞ്ഞപ്പോൾ ചിലർ മുന്നോട്ട് വന്നത് ചില സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എരുമേലി ക്ഷേത്ര പരിസരം സംഘർഷ ഭൂമിയാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ബോധപൂർവ്വമായ ശ്രമം തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരിച്ചറിയുന്നു. ആയതിനാൽ ഭക്തർക്ക് പൊട്ട് കുത്താനുള്ള സൗകര്യം സൗജന്യമായി നടപ്പന്തലിൽ ദേവസ്വം ബോർഡ് ഒരുക്കി നൽകും. നടപന്തലിലോ ക്ഷേത്രപരിസരത്തോ ഉത്സവ മേഖലയിലോ പൊട്ട് കുത്തൽ ചടങ്ങ് നടത്താൻ വ്യക്തികളെയോ സംഘടനകളെയോ കച്ചവട സ്ഥാപനങ്ങളെയോ അനുവദിക്കില്ല.

ഇത്തരത്തിൽ ആരെങ്കിലും പൊട്ട് കുത്തൽ ചടങ്ങ് നടത്തി അയ്യപ്പ ഭക്തരെ ചൂഷണം ചെയ്താൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശക്തമായ നിയമ നടപടി സ്വീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments