നേമം : എക്‌സൈസ് വിഭാഗം ജില്ലയുടെ വിവിധഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് 50 കിലോയോളം കഞ്ചാവ്. സ്‌ക്കൂള്‍, കോളേജ് കുട്ടികളെ ലക്ഷ്യമിട്ട് വിവിധ സ്ഥലങ്ങളിലെത്തിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. പുതുതലമുറയെ ലക്ഷ്യമിട്ട് വന്‍കഞ്ചാവ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരമാണ് 50-കിലോയിലധികം കഞ്ചാവ് പിടികൂടാന്‍ എക്‌സൈസ് സംഘത്തെ സഹായിച്ചത്. ഇതിനായി വിവിധ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജില്ലയില്‍ പാറശാല, നേമം, നെടുമങ്ങാട് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് എക്‌സൈസ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. ഒരു വനിതയും രണ്ട് ഒഡിഷ സ്വദേശികളും പിടിയിലായിട്ടുണ്ട്. നെടുമങ്ങാട് മനോജ്, ഭുവനേശ്വരി ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് 20-കിലോ കഞ്ചാവ് പിടികൂടിയത്. മനോജിന്റ ഭാര്യ ഭുവനേശ്വരിയാണ് അറസ്റ്റിലായത്. ആര്യനാട് പറണ്ടോട് സ്വദേശികളാണ് ഇവര്‍ നിലവില്‍ താമസിക്കുന്ന നെടുമങ്ങാട് മഞ്ച ചാമ്പുപുര വീട്ടിലാണ് നെടുമങ്ങാട് എക്‌സൈസ് സംഘം റെയ്ഡു നടത്തിയത്. കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ പ്ലാസ്റ്റിക് ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മനോജ് ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സി.ഐ എസ്.ജി.അരവിന്ദ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനില്‍കുമാര്‍, രഞ്ജിത്ത്, ബിജു, നജിമുദ്ദീന്‍, പ്രശാന്ത്,സജി, ശ്രീജിത്ത്, ഷീജ,രജിത,അശ്വതി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.
പാറശാലയില്‍ നിന്നും ഒഡിഷ സ്വദേശികളുള്‍പ്പെടെ നാലുപേരാണ് എക്‌സൈസിന്റെ പിടിയിലായത്. റെയില്‍വേ സ്റ്റേഷനടുത്ത് ഇഞ്ചിവിളയില്‍ നിന്നും വിക്രം കുമാര്‍, മനോജ് രഞ്ചന്‍ കുറ, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി രഘു (ചന്ദ്രന്‍), കൊല്ലം പാരിപ്പള്ളി സ്വദേശി ഷിബു എന്നിവരെ പിടികൂടി. കഞ്ചാവുമായി ആന്ധ്രപ്രദേശില്‍നിന്ന് ട്രെയിനില്‍ നാഗര്‍കോവിലിലും പിന്നീട് പാറശാലയിലും എത്തിച്ച കഞ്ചാവ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാനായി ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
പള്ളിച്ചല്‍ പ്രാവച്ചമ്പലം അമ്പലംവിള വീട്ടില്‍ റെജിന്‍ റഹീമിനെ (28) യാണ് എട്ടുകിലോ കഞ്ചാവുമായി നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയിരുന്നു. സ്‌കൂട്ടറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ റെജിന്‍ എക്‌സൈസിന്റെ വലയിലായത്. പരിശോധനയില്‍ നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് പ്രശാന്ത്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സുനില്‍ രാജ്, അനീഷ്, ലാല്‍ കൃഷ്ണ, പ്രസന്നന്‍, മനുലാല്‍, മുഹമ്മദ് അനീസ്, ജീന, ശ്രീജ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.