വാഷിംഗ് മെഷനീനൊക്കെ നമ്മൾ കുറേ കണ്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ വാഷിംഗ് മെഷീന് മനുഷ്യനെ കുളിപ്പിച്ച് ഉണക്കാൻ കഴിയുമെന്നാണ് ജപ്പാൻ പറയുന്നത്. കാര്യം സീരിയസാണ്… വെറും പതിനഞ്ച് മിനിറ്റ് കൊണ്ട് മനുഷ്യനെ കഴുകി ഉണക്കി തരും മിറായ് നിങ്കേൻ സെന്റകുകി എന്ന് പേരിട്ടിരിക്കുന്ന പുത്തൻ പുതിയ മെഷീൻ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തത്തിലൊന്നായ എഐ ഉപയോഗിച്ചാണ് ഈ മെഷീൻ പ്രവർത്തിക്കുന്നത്. മനുഷ്യനെ വൃത്തിയായി കുളിപ്പിക്കാനായി വാട്ടർ ജെറ്റ്, മൈക്രോസ്കോപിക് എയർ ബബിളുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. മറ്റൊരു പ്രത്യേകത നമ്മുടെ ശരീര പ്രകൃതി അനുസരിച്ചാണ് ഇതിന്റെ ഓരോ പ്രവർത്തനങ്ങളുമെന്നതാണ്. ഒരു യുദ്ധവിമാനത്തിന്റെ കോക്ക്പിറ്റിറ്റ് പോലെ തോന്നിപ്പിക്കുന്ന ഇതിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത് ഒസാക്ക ആസ്ഥാനാമായുള്ള ഷവർഹെഡ് കമ്പനിയായ സയൻസ് കോയാണ്. ഉടൻ തന്നെ ഈ മെഷീൻ ഒസാക്ക കൻസായി എക്സ്പോയി പ്രദർശിപ്പിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെറുചൂടുവെള്ളം നിറഞ്ഞിരിക്കുന്ന ഈ മെഷീനിലേക്ക് ഒരാൾക്ക് കയറാം. ഈ ചൂട് നിയന്ത്രിക്കുന്നത് എഐയായിരിക്കും. മെഷീനിൽ കയറി കഴിഞ്ഞാൽ ഹൈസ്പീഡ് വാട്ടർ ജെറ്റുകൾ മൈക്രോസ്കോപിക് ബബിളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിലെ അഴുക്കുകളെ ഇളക്കും. മാത്രമല്ല ഈ ഐഎ നിയന്ത്രിത യന്ത്രം കുളിപ്പിക്കുന്ന വ്യക്തിയുടെ മാനസികാരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. നമ്മുടെ വൈകാരിമായ ചിന്തകളടക്കം വിശകലനം ചെയ്യും. കുളിക്കുന്നയാളുടെ ആശ്വസിപ്പിക്കാനും വിശ്രമിക്കാനും ഇതിനുള്ളിൽ ദൃശ്യങ്ങൾ പ്രൊജക്ട് ചെയ്യും. ഉടൻ തന്നെ നടക്കാനിരിക്കുന്ന എക്സ്പോയിൽ ആയിരത്തോളം പേർക്ക് യന്ത്രത്തിന്റെ പ്രവർത്തനം നേരിട്ട് അറിയാനുള്ള അവസരം ഉണ്ടെന്നാണ് റിപ്പോർട്ട്. പരീക്ഷണത്തിന് ശേഷം ഹോം യൂസ് എഡിഷൻ അടക്കം ഉത്പാദിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഇപ്പോൾ തന്നെ പ്രീ ബുക്കിംഗും അവർ ആരംഭിച്ചിട്ടുണ്ട്.



