Thursday, August 7, 2025
No menu items!
Homeവാർത്തകൾഎം.ടി യുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്; സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം

എം.ടി യുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക്; സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം

എം.ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് നടക്കും. കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം രാത്രിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെ അദ്ദേഹത്തിൻ്റെ സിത്താര എന്ന വീട്ടിലേക്ക് എത്തിക്കും. നാലു മണിവരെ ഈ വീട്ടിൽ തന്നെ പൊതു ദർശനം നടക്കും. തുടർന്നാണ് സംസ്കാരം നടക്കുക.

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാത്രി 10 മണിയോടെയാണ് എം ടി യുടെ അന്ത്യം സംഭവിച്ചത്. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ 11 ദിവസമായി എം.ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിഞ്ഞു വരുകയായിരുന്നു. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് ഈ ക്രിസ്തുമസ് ദിനത്തിലെ വിയോഗം. കഴിഞ്ഞ ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകുകയും ചെയ്തു.

മരണ സമയത്ത് ഭാര്യയും മകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ഗോവ ഗവ‍ർണർ പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളി ആശുപത്രിയിൽ എത്തി ഡോക്ടർമാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചു. എഴുത്തുകാരും സാംസ്കാരിക നായകന്മാരും ഉൾപ്പെടെ വലിയ സുഹൃദവലയുണ്ടായിരുന്ന എംടിയുടെ നിരവധി സുഹൃത്തുക്കൾ രാത്രി വൈകിയും ആശുപത്രിയിൽ ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments