നിർമ്മിത ബുദ്ധിയുടെ (എഐ) യുഗത്തിൽ, ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മെക്കാനിക്കുകൾ എന്നിവർക്ക് പരമ്പരാഗത ബിരുദധാരികളേക്കാൾ കൂടുതൽ മൂല്യമുണ്ടാകുമെന്ന് എ ഐ രംഗത്തെ ഭീമനായ എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്.
ജോലിയുടെ ഭാവി ഡിജിറ്റൽ ലോകം നിർമ്മിക്കുന്നവരെയും അത് പ്രോഗ്രാം ചെയ്യുന്നവരെയും ആശ്രയിച്ചിരിക്കുമെന്ന് ജെൻസൺ ഹുവാങ്ങിന്റെ വാക്കുകൾ ഓർമ്മിപ്പിക്കുന്നു
യൂണിവേഴ്സിറ്റി ബിരുദമാണ് വിജയത്തിലേക്കുള്ള ഏറ്റവും നല്ല മാർഗം എന്ന ദീർഘകാലമായി അംഗീകരിക്കപ്പെട്ട ഒരു വിശ്വാസത്തെ എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ് വെല്ലുവിളിച്ചു. നിർമ്മിത ബുദ്ധി നയിക്കുന്ന ഈ യുഗത്തിൽ, പ്രായോഗിക കഴിവുകൾ അക്കാദമിക് കഴിവുകൾ പോലെ തന്നെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറയുന്നു.
ചാനൽ 4 ന് നൽകിയ ഒരു അഭിമുഖത്തിൽ, പരമ്പരാഗത കരിയർ വഴികളെ കുറിച്ച് പുനർവിചിന്തനം നടത്താൻ ജെൻസൺ ഹുവാങ് യുവതലമുറയോട് ആവശ്യപ്പെട്ടു.
“നിങ്ങൾ ഒരു ഇലക്ട്രീഷ്യനോ, പ്ലംബറോ, മരപ്പണിക്കാരനോ ആണെങ്കിൽ, ഈ ഫാക്ടറികളെല്ലാം നിർമ്മിക്കാൻ നമുക്ക് ലക്ഷക്കണക്കിന് ആളുകളെ ആവശ്യമായി വരും,” അദ്ദേഹം പറഞ്ഞു. “എല്ലാ സമ്പദ്‌വ്യവസ്ഥയിലെയും
വൈദഗ്ധ്യമുള്ള ക്രാഫ്റ്റ് അധിഷ്ഠിത ജോലികളുടെ കുതിച്ചുചാട്ടം കാണാൻ പോകുന്നു.” അദ്ദേഹം പറഞ്ഞതായി അഭിമുഖത്തെ ആധാരമാക്കി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
ഓരോ അൽഗോരിതത്തിനും ഡാറ്റ മോഡലിനും പിന്നിൽ ഭൗതിക അടിസ്ഥാന സൗകര്യങ്ങളുണ്ട് എന്ന എഐ വിപ്ലവത്തെ കുറിച്ചുള്ള വിലയിരുത്തലുകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുതയിലേക്ക് അദ്ദേഹത്തിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നു.
എഐ സിസ്റ്റങ്ങൾക്ക് ആവശ്യമായ വിശാലമായ ഡാറ്റാ സെന്ററുകൾ നിർമ്മിക്കുകയും, വയറിങ് നടത്തുകയും, , പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. ആ ജോലി സോഫ്റ്റ്‌വെയർ എൻജിനീയർമാരെയല്ല, മറിച്ച് സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്ന തൊഴിലാളികളെയാണ് – ഇലക്ട്രീഷ്യൻമാർ, ഹീറ്റിങ്, വെന്റിലേഷൻ, എയർ കണ്ടീഷനിങ് (HVAC) ടെക്നീഷ്യൻമാർ, ബിൽഡർമാർ എന്നിവരെയാണ് ആശ്രയിക്കുന്നത്.
സമൂഹം “നാല് വർഷത്തെ ബിരുദങ്ങളെ അമിതമായി വിലയിരുത്തുകയും അതേസമയം തൊഴിൽ പരിശീലനത്തെ കുറച്ചുകാണുകയും ചെയ്തു” എന്ന് ജെൻസൺ ഹുവാങ് അഭിപ്രായപ്പെട്ടു



