കുറവിലങ്ങാട്: കോട്ടയം അതിരൂപതയിലെ പുരാതന പ്രസിദ്ധവും പ്രൗഢഗംഭീരവുമായ ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, ക്രിസ്‌തുവർഷം 1631 ൽ ദൈവിക വെളിപാടിനാൽ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ സ്ഥാപിച്ച ഈ ദൈവാലയം വി. എസ്‌തപ്പാനോസിൻ്റെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യ കത്തോലിക്ക ദേവാലയമാണ്. ഡിസംബർ 25, 26 തിയതികളിൽ എസ്തപ്പാനോസ് സഹദായുടെ തിരുനാൾ ആഘോഷിയ്ക്കുമെന്ന് വികാരിയും ഇടവക ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 19 വെള്ളി രാവിലെ 6.15 ന് തിരുനാൾ കൊടിയേറ്റ് വികാരി ഫാ.അലക്സ് ആക്കപറമ്പിൽ നിർവ്വഹിക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം സുറിയാനി കുർബാനയ്ക്ക് ഫാ. ജിതിൻ വല്ലൂർ ഒ എസ് ബി കാർമ്മികത്വം വഹിയ്ക്കും. തുടർന്ന് രാവിലെ 10 മണിയ്ക്ക് കിടപ്പു രോഗികൾക്ക് ഭവനങ്ങളിൽ കുമ്പസാരവും വി.കുർബാന എഴുന്നള്ളിച്ചു നൽകും. 20 ന് രാവിലെ 8 മണിയ്ക്ക് വി.കുർബാനയും സീനിയർ സിറ്റിസൺസ് സംഗമവും നടക്കും. 24 ന് ബുധൻ രാവിലെ 6 മണിയ്ക്ക് വി.കുർബാനയും സ്റ്റീഫൻ നാമധാരികളുടെ സംഗമവും നടത്തും. രാത്രി 10 മണിക്ക് തിരുപ്പിറവിയുടെ കർമ്മങ്ങൾ.
25 ഞായർഉച്ചകഴിഞ്ഞ് 3 മണിക്ക് വി.എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപം കൊച്ചു പള്ളിയിൽ പ്രതിഷ്ഠിയ്ക്കും. 6 മണിക്ക് ലദീഞ്ഞിനുശേഷം ടൗൺ കുരിശു പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിയതിനു ശേഷം രാത്രി 9 ന് ഫാ.ജോയി ചേറാടിയിൽ തിരുനാൾ സന്ദേശം നൽകും. 9.30 ന് ഫാ.ബിനോ ചേരിയിൽ പരി. കുർബാനയുടെ ആശീർവാദം നിർവഹിക്കും. തുടർന്ന് വയലിൻ ഫ്യൂഷൻ കുമാരി ഗൗരി കൃഷ്ണയുടെ വയലിനൊപ്പം മുഹമ്മ ആര്യക്കര ബ്രദേഴ്സ് ചെണ്ടമേളവും ചേരും.
26 ന് രാവിലെ 7 ന് മാർ മാത്യു മൂലക്കാട് മെത്രാപ്പോലീത്തയും ഇടവക വൈദികരും വി.കുർബാന അർപ്പിയ്ക്കും. 9.30 ന് അഞ്ചേകാലും കോപ്പും നൽകൽ ചടങ്ങ്
10 മണിക്ക് തിരുനാൾ റാസ. ഫാ. ഫിനിൽ ഈഴാറാത്ത് സി.എം ഐ യ്ക്കൊപ്പം ഫാ.സജി കൊച്ചു പറമ്പിൽ, ഫാ. അജീഷ് കുഞ്ചറക്കാട്ട് ഒ എസ് ബി, ഫാ.ചാക്കോ വണ്ടൻ കുഴിയിൽ, ഫാ. മജോ വാഴക്കാലയിൽ ഒ എസ് എച്ച്, എന്നിവർ സഹകാർമ്മികരാകും. ഫാ.ബിനു കുന്നത്ത് തിരുനാൾ സന്ദേശം നൽകും. ഉച്ചയ്ക്ക് 12.30 ന് തിരുനാൾ പ്രദക്ഷിണം. 1.30 ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം ഫാ. കുര്യൻ തട്ടാറു കുന്നേൽ കാർമ്മികനാകും. 27 ശനി രാവിലെ 6 മണിയ്ക്ക് ബഹു. മുത്തുറുമ്പിൽ ചുമ്മാരച്ചന്റെ ഓർമ്മ ദിനം ആചരിയ്ക്കും. ഫാ. ഗ്രേസൺ വേങ്ങയ്ക്കൽ റാസ കുർബാന അർപ്പിയ്ക്കും. 28 ന് കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ആചരിക്കും.
2026 ജനുവരി 4 ന് തിരുനാൾ സമാപിയ്ക്കും. ഉച്ച കഴിഞ്ഞ് 3 മണിക്ക് അതിരൂപതയിലെ നവവൈദികർ നയിക്കുന്ന റാസ കുർബാനയ്ക്കു ശേഷം5.30 ന് വി.എസ്തപ്പാനോസ് സഹദായുടെ തിരുസ്വരൂപം വാദ്യമേളങ്ങളുടെ അകമ്പടിയോടെ അറയിലേയ്ക്ക് എഴുന്നള്ളിയ്ക്കും. തിരുനാൾ ദിനങ്ങളിൽ ഉഴവൂർ പള്ളിയുടെ പ്രധാന നേർച്ചയായ കല്ലും തൂവലായും അർപ്പിയ്ക്കുന്നതിന് ധാരാളം വിശ്വാസികൾ എത്തിച്ചേരും.
പത്രസമ്മേളനത്തിൽ വികാരി റവ. ഫാ. അലക്സ് ആക്കപ്പറമ്പിൽ
കൈക്കാരൻമാരായ സ്റ്റീഫൻ വെട്ടത്തുകണ്ടത്തിൽ
പ്രൊഫ. ഡോ. ഫ്രാൻസീസ് എടാട്ടുകുന്നേൽചാലിൽ
സ്റ്റീഫൻ കുഴിപ്ലാക്കിൽ
പബ്ലിസിറ്റി കമ്മറ്റി കൺവീനർ സിറിയക്ക് കല്ലട, അംഗങ്ങളായ സ്റ്റീഫൻ ചെട്ടിക്കൻ, പ്രമോദ് ലൂക്കോസ് എണ്ണംപ്ലാശ്ശേരിൽ എന്നിവർ പങ്കെടുത്തു.
ഉഴവൂർ പള്ളി ലഘു ചരിത്രം.
1901 ൽ യൗസേപ്പ് പടിക്കല്യാലിൽ വികാരിയായിരിക്കുമ്പോൾ ഈ ദേവാലയം പൂർണ്ണമായും പുതുക്കി പണിതു. ഇപ്പോൾ കാണുന്ന ദേവാലയം 1987 ൽ . ഫാ. ജേക്കബ് കൊട്ടാരത്തിൽ വികാരിയായിരിക്കുമ്പോൾ നിർമ്മിച്ചതാണ്. കേരളത്തിലെ പ്രശസ്‌ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇത്. പള്ളിക്കു വേണ്ടി 1631 ൽ സ്ഥലം ദാനമായി നൽകിയ ചിറ്റേടത്ത് (നടുവത്ത്) ഇട്ടി കൈമളുടെ കുടുംബത്തിലെ പിൻമുറക്കാർക്ക് ജന്മി അവകാശമായി അഞ്ചേകാൽ ഇടങ്ങഴി അരിയും അനുബന്ധകറികോപ്പുകളും പള്ളി കാര്യത്തിൽ നിന്നും നൽകുന്ന ചടങ്ങ് ഇന്നും തുടർന്നു പോരുന്നു. ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ക്നാനായക്കാർ ഡിസംബർ മാസത്തിലെ തിരുനാളിൽ പങ്കെടുക്കാൻ കാത്തിരിക്കുന്നു. വി. എസ്തപ്പാനോസ് തങ്ങളുടെ ഉറപ്പുള്ള മദ്ധ്യസ്ഥനെന്ന് അവർ വിശ്വസിക്കുന്നു.
കല്ലും തൂവാല മാത്രമല്ല ഉഴവൂർക്കാരുടെ വിശുദ്ധനിൽ വിശ്വസിക്കുന്നവരുടെയെല്ലാം അടയാളവും അഭിമാനവും ആയിരിക്കുന്നു. കല്ലും തൂവാല ഉഴവൂർ പള്ളിയിലെ പ്രധാന നേർച്ചയാണ്. മരണസമയത്ത് വി. എസ്തപ്പാനോസിന്റെറെ മേൽ പതിച്ച് രക്തം പുരണ്ട കല്ലുകൾ ആദിമ ക്രൈസ്‌തവർ പട്ടു തൂവാലയിൽ പൊതിഞ്ഞ് പൂജ്യമായി സൂക്ഷിച്ചു. ഈ പാരമ്പര്യ വിശ്വാസത്തിൽ നിന്നാണ് കല്ലും തൂവാല നേർച്ച ആരംഭിച്ചത്.
ഉഴവൂരിലെ നാനാജാതി മതസ്ഥരായ ജനങ്ങളെ നാടിൻ്റെ വികസനത്തിനായി കൈകോർക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ് ഉഴവൂർപളളി.



