ഉഴവൂർ: പതിറ്റാണ്ടുകളായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം സമ്മാനിയ്ക്കുന്ന ജയ്ഹിന്ദ് പബ്ലിക്് ലൈബ്രറി പാലിയേറ്റീവ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. കുറവിലങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് ജയ്ഹിന്ദ് ലൈബ്രറിയുടെ പുതിയ മുന്നേറ്റം.
ഉഴവൂർ പഞ്ചായത്ത് പ്രദേശത്തെ വീടുകളിൽ സ്വരുമ പാലിയേറ്റീവ് കെയർ നടത്തുന്ന പ്രവർത്തനങ്ങളോട് ചേർന്ന് വ്യാപിപ്പിക്കാനാണ് ജയ്ഹിന്ദ് ലൈബ്രറിയുടെ തീരുമാനം. പഞ്ചായത്തിലെ 105 കുടുംബങ്ങളിൽ നിലവിൽ സ്വരുമയും ജയ്ഹിന്ദ് ലൈബ്രറിയും ചേർന്ന് നഴ്‌സിംഗ് ഹോം കെയർ, ഫിസിയോ തെറാപ്പി ഹോം കെയർ എന്നിവ നടത്തുന്നുണ്ട്. രോഗികളുടേയും കുടുംബങ്ങളുടേയും സാമൂഹികാവശ്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നുവെന്ന നേട്ടവുമുണ്ട്.
ജയ്ഹിന്ദ് ലൈബ്രറിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾ ഇന്ന് (19 വ്യാഴം) ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിക്കും.സ്വരുമ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജോയി മുണ്ടാമ്പള്ളി മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് ജീവിതശൈലി രോഗബോധവൽക്കരണ സെമിനാർ നാളെ 1.30ന് ഡോ. ടി.എം ഗോപിനാഥ പിള്ള നയിക്കും. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി എക്‌സിക്യൂട്ടീവ് സെക്രട്ടറി സക്കറിയ ഞാവള്ളിൽ ഉദ്ഘാടനം ചെയ്യും. ലൈബ്രറി സെക്രട്ടറി കെ.സി ജോണി, ലൈബ്രറിവൈസ്പ്രസിഡൻറ് സൈമൺ പരപ്പനാട്ട്,കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി തോമസ്, സെക്രട്ടറി കെ.വി തോമസ്, ട്രഷറർ ജോൺ സിറിയക് കരികുളം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.



