Saturday, December 20, 2025
No menu items!
Homeവാർത്തകൾഉന്നതവിദ്യാഭ്യാസം ഏക നിയന്ത്രണത്തിലേക്ക്; ബിൽ ജെ.പി.സിക്ക് വിട്ടു

ഉന്നതവിദ്യാഭ്യാസം ഏക നിയന്ത്രണത്തിലേക്ക്; ബിൽ ജെ.പി.സിക്ക് വിട്ടു

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ മേഖലയുടെ നെടുംതൂണായ യു.ജി.സിയും അഖിലേന്ത്യ സാങ്കേതികവിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനും (എൻ.സി.ടി.ഇ) ഇല്ലാതാക്കുന്ന പുതിയ ബിൽ പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി) പരിശോധനക്ക് വിട്ടു. ഉന്നതവിദ്യാഭ്യാസ മേഖലയെ ഏകനിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്ന ‘വിക്ഷിത് ഭാരത് ശിക്ഷ അധിഷ്ഠൻ ബിൽ -2025’ അധിക അജണ്ടയിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച ഉച്ചക്കു ശേഷം അപ്രതീക്ഷിതമായിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ അവതരിപ്പിച്ചത്. അവതരിപ്പിച്ച രീതിയും ബില്ലിലെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിർത്തതോടെ ബിൽ ജെ.പി.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്‍റെ നിയന്ത്രണം, അക്രഡിറ്റേഷൻ, അക്കാദമിക ക്രമീകരണം എന്നീ ഘടകങ്ങൾ ഉന്നത വിദ്യാഭ്യാസ കമീഷൻ പരിധിയിലാക്കി മാറ്റുന്നതാണ് ബിൽ.ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വയംഭരണാവകാശവും അക്കാദമിക കാര്യങ്ങളിലെ സ്വാതന്ത്ര്യത്തിലും കേന്ദ്രസര്‍ക്കാർ പിടിമുറുക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ബില്ലിനെ എതിർത്ത് സംസാരിച്ച എൻ.െക പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ സവിശേഷതകള്‍ കണക്കിലെടുത്ത് സംസ്കാരവും ഭാഷയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് വിദ്യാഭ്യാസനയം രൂപവത്കരിക്കാനും നടപ്പാക്കാനുമുള്ള സംസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്ലിലെ വ്യവസ്ഥ അനുസരിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അക്രഡിറ്റേഷൻ നിർബന്ധമാവും. കടുത്തപിഴയും നടപടിയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമലംഘനത്തിന് 10 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ പിഴയും അനുമതിയില്ലാതെ സർവകലാശാല തുടങ്ങിയാൽ രണ്ടു കോടി രൂപ പിഴയും ഉണ്ടാകും. കേന്ദ്ര-സംസ്ഥാന സർവകലാശാലകൾ, കൽപിത സർവകലാശാലകൾ, ഐ.ഐ.ടി, എൻ.ഐ.ടി, കോളജുകൾ, വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം പുതിയ കമീഷന് കീഴിലാകും. മെഡിക്കൽ, ഡെന്റൽ, നിയമം തുടങ്ങിയ മേഖലകളിലെ കൗൺസിലുകൾ കമീഷൻ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല സർവകലാശാലകളെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വതന്ത്ര സ്വയംഭരണ സ്ഥാപനങ്ങളായി മാറ്റുന്ന നടപടികൾ സുഗമമാക്കാനാണ് നിയമനിർമാണം കൊണ്ടുവരുന്നതെന്ന് ബിൽ അവതരിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) അടിസ്ഥാനമാക്കിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിതമായ കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള ബിൽ കൊണ്ടുവന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments