ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ മേഘവിസ്ഫോടനം ഉണ്ടായി. ഹിമാചല്‍ പ്രദേശിലെ ഷിംല, മണ്ഡി, കുളു ജില്ലകളിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഉത്തരാഖണ്ഡില്‍ 12 പേരും ഹിമാചല്‍ പ്രദേശില്‍ അഞ്ചുപേരും മരിച്ചു. 56 പേരെ കാണാതായി.ഷിംലയിലെ രാംപൂരില്‍ സബേമജ് ഖുദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ടു പേർ മരിക്കുകയും 28 പേരെ കാണാതാവുകയും ചെയ്തു. രണ്ടു പേരെ രക്ഷപ്പെടുത്തി. റോഡുകള്‍ ഒഴുകിപ്പോയതിനാല്‍ രക്ഷാപ്രവർത്തനത്തിന് പ്രയാസം നേരിടുകയാണ്.
മണ്ഡി ജില്ലയിലെ രാജ്ബൻ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിലാണ് മറ്റ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇവിടെ ഒമ്ബത് പേരെ കാണാതായി. രണ്ട് വീടുകള്‍ വെള്ളപ്പാച്ചിലില്‍ തകർന്നു. കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴുപേരെ കാണാതായി. മലാന ജല വൈദ്യുതി പദ്ധതി പ്രദേശത്ത് ഏതാനും പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയില്‍ ആറുപേരും തെഹ്‍രിയില്‍ മൂന്നുപേരും ഡറാഡൂണില്‍ രണ്ടുപേരും ചമോലിയില്‍ ഒരാളുമാണ് മരിച്ചത്.
450ഓളം കേദാർനാഥ് തീർഥാടകർ ഗൗരികുണ്ഡ്-കേദാർനാഥ് പാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ റോഡ് കനത്ത മഴയില്‍ ഒഴുകിപ്പോയി.



