Monday, July 7, 2025
No menu items!
Homeവാർത്തകൾഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും

ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും

റാഞ്ചി: ഉത്തരാഖണ്ഡിൽ ഇന്ന് ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യു സി സി പോർട്ടൽ ഉച്ചക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യു സിസി പോർട്ടൽ ഉദ്ഘാടനം ചെയ്യും. വർഗീയ വിഭജനമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.

ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്‍റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാകും ഇന്ന് മുതൽ ബാധകമാക്കുക. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് യു സി സിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പക്ഷം.

അതേസമയം യു സി സിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് തുടരുകയാണ്. യു സി സി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നാളെ പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികൾ ഇന്ന് പൂർത്തിയാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബി ജെ പി,  യു സി സി ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ഇനി സജീവമാക്കിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments