ചെങ്ങമനാട്: ഓണത്തോട് അനുബന്ധമായി കൊച്ചി രാജവംശത്തിലെ സ്ത്രീജനങ്ങൾക്ക് സർക്കാർ അനുവദിച്ചുവരുന്ന ഉത്രാടക്കിഴി ആലുവ തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ് നേരിട്ട് കൈമാറി. കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് രാജവാഴ്ചക്കാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങുന്നതിലേക്ക് തുടങ്ങിവച്ച ചടങ്ങാണ് ഉത്രാടക്കിഴി. സംസ്ഥാന രൂപീകരണത്തോടെ സ്റ്റേറ്റ് ചാരിറ്റീസ് രാമവർമ്മ എൻഡോവ്മെന്റ് ഉത്രാടം പെയ്മെൻറ് എന്ന പേരിലുള്ള ഉത്രാടക്കിഴി നൽകിവരുന്നത് സംസ്ഥാന സർക്കാരാണ്.
രാജവാഴ്ചക്കാലത്ത് ആരംഭം കുറിച്ച പ്രസ്തുത ചടങ്ങ് എല്ലാവർഷവും മുടക്കമില്ലാതെ നടത്തിവരുന്നു. ഉത്രാടക്കിഴിക്ക് അർഹരായ സ്ത്രീകൾക്ക് 1000/- രൂപ വീതം ഉത്രാട ദിനത്തിന് മുൻപ് തന്നെ വിതരണം ചെയ്യുന്നു. തൃശൂർ ജില്ലാ കളക്ടറേറ്റിൽ നിന്നുമാണ് ഈ തുക അനുവദിച്ച് വരുന്നത്. നിലവിൽ ആലുവ താലൂക്ക് പരിധിയിലെ വടക്കുംഭാഗം വില്ലേജിൽ, പുതിയേടം വടക്കേ കോവിലകം വീട്ടിൽ താമസക്കാരായ 34 പേർക്കാണ് ഈ വർഷം ഉത്രാടക്കിഴിക്ക് അർഹതയുണ്ടായിരുന്നത്. അർഹരായവരിൽ 95 വയസ്സുള്ള രാധ തമ്പായി മുതൽ 19 വയസ്സുള്ള ശാംഭവി വരെ ഉൾപ്പെടുന്നു. ആലുവ തഹസിൽദാർ ശ്രീമതി ഡിക്‌സി ഫ്രാൻസിനൊപ്പം വടക്കുംഭാഗം വില്ലേജ് ഓഫീസർ രാജീവ് പി. എ, താലൂക്ക് ഓഫീസ് ഹെഡ് ക്ലർക്ക് രാഗേഷ് വി. ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.