Wednesday, July 9, 2025
No menu items!
Homeവാർത്തകൾഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷൻ

ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു; അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കണക്ഷൻ

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്‌ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. ഉപഭോക്താവ് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും ദുര്‍ഘട പ്രദേശങ്ങളില്‍ ഒരുമാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് കരടില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കേന്ദ്ര നിര്‍ദേശപ്രകാരമാണ് നടപടി.

ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനൊപ്പം ലൈസന്‍സി നല്‍കേണ്ട എല്ലാവിധ സേവനങ്ങളും ഓണ്‍ലൈന്‍ വഴി നിര്‍ബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഭേദഗതി കോഡില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനാല്‍ ലൈസന്‍സിയുടെ ഓഫിസില്‍ പോകാതെ ഉപഭോക്താവിന് പുതിയ സര്‍വിസ് കണക്ഷന്‍, റീകണക്ഷന്‍, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങള്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി തന്നെ ചെയ്യാം.

സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങള്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുവാനുള്ള ചട്ടങ്ങള്‍ 2020ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ച് എച്ച്.പി വരെയുള്ള മോട്ടോര്‍ അല്ലെങ്കില്‍ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷന്‍ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം.

സർക്കാരിന്റെ ഊർജനയത്തിന് പിന്തുണയായി ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ് യൂണിറ്റ് സ്ഥാപിക്കും. വാടകകെട്ടിടങ്ങളിലെ സെക്യുരിറ്റി ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായി കെട്ടിട ഉടമയുടെയും വാടകക്കാരന്റെയും രേഖകൾ സൂക്ഷിക്കാം. സെക്യൂരിറ്റി ഡെപ്പോസിറ്റിന്‌ പ്രത്യേക അക്കൗണ്ടും രൂപീകരിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments