Sunday, March 22, 2026
No menu items!
Homeവാർത്തകൾഇന്ന് ലോകഗജദിനം; ആനകൾ സസുഖം കഴിയുന്ന കാപ്പുകാട് ആനപരിപാലനകേന്ദ്രത്തിന്റെ വിശേഷങ്ങൾ

ഇന്ന് ലോകഗജദിനം; ആനകൾ സസുഖം കഴിയുന്ന കാപ്പുകാട് ആനപരിപാലനകേന്ദ്രത്തിന്റെ വിശേഷങ്ങൾ

കാപ്പുകാട് :ഏത് പ്രായത്തിലായാലും മനുഷ്യന്‍ കണ്ണിമവെട്ടാതെ നോക്കി നില്‍ക്കുന്ന കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അത് സ്വദേശിയായാലും വിദേശിയായാലും ഒരുപോലെ തന്നെ. പഴമയിലായാലും പുതുമയിലായാലും ആന എന്നും ആളുകള്‍ക്ക് ആവേശമാണ്. ആനകളില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും മലയാളികള്‍ക്കാവില്ല. കാരണം ഗജങ്ങള്‍ നമുക്കെന്നും അത്ഭുതവും വിസ്മയവുമാണ്.
നെറ്റിപ്പട്ടം കെട്ടി ആലവട്ടവും വെഞ്ചാമരവും വീശി നില്‍ക്കുന്ന ആനകളെ കാണുന്നത് എത്ര നയനാഭിരാമമായ കാഴ്ചയാണ്. ലോകത്ത് ഇങ്ങനെയൊരു കാഴ്ച്ച കാണാന്‍ സാധിക്കുന്നത് നമ്മുടെ കേരളത്തില്‍ മാത്രമാണ്. എന്നാല്‍ ചോദിക്കും, മറ്റ് രാജ്യങ്ങളില്‍ ആനകളില്ലേ എന്ന്. അങ്ങനെയല്ല, ഏത് രാജ്യത്തുപോയാലും ആനകളുണ്ട്, പക്ഷേ അവയെ നാം കണ്ടുശീലിച്ച രീതിയില്‍ കാണാന്‍ സാധിക്കില്ല എന്നു മാത്രം.
പൂരങ്ങളുടേയും ഉത്സവങ്ങളുടേയും കേന്ദ്രബിന്ദു എന്ന് പറയുന്നത് ആനകള്‍ തന്നെയാണ്. തലയെടുപ്പുള്ള ആനകള്‍ക്ക് ആരാധകരും കൂടുതലാണ്. പൂരങ്ങളുടെ ഗരിമ വര്‍ദ്ധിപ്പിക്കുന്നത് തന്നെ ആനകളുടെ തലയെടുപ്പും ആകാര ഭംഗിയും ചന്തവുമാണ്.
കാട്ടുജീവിയായ ആനയെ നാട്ടുജീവിയാക്കിയത് മനുഷ്യനാണ്. നമ്മുടെ സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം അഞ്ഞൂറില്‍ താഴെ നാട്ടാനകളാണ് ഇന്ന് കേരളത്തിലുള്ളത്. വനമാണ് ആനകളുടെ ആവാസവ്യവസ്ഥയെങ്കിലും വനത്തിനുള്ളില്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍ ആനകള്‍ നാട്ടിലേയ്ക്കിറങ്ങുന്നത് ഇന്ന് പതിവ് കാഴ്ചയാണ്.
ആനകളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് നാം മനുഷ്യരുടെ കടമയാണ്. അതുകൊണ്ട് തന്നെ ആഗസ്റ്റ് 12 ലോക ഗജദിനമായി ആഘോഷിക്കുന്നു. 2011-മുതലാണ് ആഗസ്റ്റ് 12 ഗജദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
ഇങ്ങനെ ഒരു ദിനം കാട്ടാനകളുടെ സംരക്ഷണം ഉറപ്പ് വരുത്തുവാന്‍ കൂടിയാണ്.
കുംഭം, മീനം മാസങ്ങളിലാണല്ലോ നമ്മുടെ ഉത്സവക്കാലം. ചമയങ്ങള്‍ അണിഞ്ഞ് ആലവട്ടവും, വെഞ്ചാമരവും നെറ്റിപ്പട്ടവും ചൂടി വേനല്‍ചൂടിനെ വക വെക്കാതെ ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭ പകരുന്ന കാഴ്ച ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഗുരുവായൂരിലെ ആനയൂട്ട് ഏറെ പ്രസിദ്ധമാണ്.
നെറ്റിപ്പട്ടം കെട്ടിയ ലക്ഷണമൊത്ത ഗജ വീരന്മാരെ കുറിച്ച് പറയുമ്പോൾ അവയെ സംരക്ഷിച്ചു പരിപാലിച്ചു പുനരധിവാസിപ്പിക്കുന്ന ഇടത്തെ കുറിച്ച് പറയാതിരിക്കുന്നത് എങ്ങനെ.

തലസ്ഥാന ജില്ലയ്ക്കുണ്ട് ആനകളെ പരിപാലിക്കുന്നതിന് വേണ്ടി മാത്രമായൊരിടം. ആനസങ്കേതം എന്ന് അറിയപ്പെടുന്ന കാപ്പുകാട് ആനപരിപാലനകേന്ദ്രം.
അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റെയ്ഞ്ചിന് കീഴിലാണ് കോട്ടൂര്‍ കാപ്പുകാട് ആന സങ്കേതം സ്ഥിതി ചെയ്യുന്നത്.
2006-ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടില്‍ ആനപരിപാലകേന്ദ്രം നിര്‍മിക്കുന്നത്.
കാട്ടാനയെയും നാട്ടാനയെയും അതിന്റെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഇടത്ത് വളര്‍ത്തുക എന്നുള്ളതാണ് ആനപരിപാലകേന്ദ്രത്തിന്റെ സ്ഥാപിതലക്ഷ്യം.
പ്രായമായ ഗജവീരന്മാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുക, പഠനഗവേഷണങ്ങള്‍ നടത്തുക, ഒറ്റപ്പെടുന്ന കുട്ടിയാനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്കനുസരിച്ച് പരിപാലിക്കുക എന്നിവയാണ് ആന പരിപാലന പുനരധിവാസ കേന്ദ്രത്തിന്റെ ലക്ഷ്യങ്ങള്‍.
സ്വാഭാവിക ആവാസ വ്യവസ്ഥയിലെന്ന പോലെ പാര്‍പ്പിക്കാവുന്ന തരത്തില്‍ ഉരുക്ക് തൂണുകള്‍ കൊണ്ടും ഉരുക്ക് വലകള്‍ കൊണ്ടും നിര്‍മ്മിച്ച ആവാസ കേന്ദ്രങ്ങളാണ് ഇവിടെ എത്തുന്ന ആനകള്‍ക്ക് ഒരുക്കിയിട്ടുള്ളത്.
കാട്ടിൽ നിന്നും പരിക്കേറ്റതോ കൂട്ടം തെറ്റിയതോ ആയ ഗജവീരന്മാരെയാണ് കാപ്പുകാട്ട് കേന്ദ്രത്തിൽ പുനരധിവസി പ്പിക്കുന്നത്.
കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിന്റെ പൂർണ്ണ ചുമതല അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കോട്ടൂർ റേഞ്ച് ഡെപ്യൂട്ടി വാർഡൻ അനീഷ് ജി. ആറിനും ആന പരിപാലന ത്തിന്റെ പൂർണ ചുമതല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു എസ്. വി. നായർക്കുമാണ്.
ഇവിടെ 15 ആനകളെ ആണ് നിലവിൽ പുനരധിവസിപ്പിച്ചിട്ടുള്ളത്.
അവയിൽ അഞ്ചു മുതൽ 84 വയസ്സുവരെ പ്രായമുള്ള ആനകൾ ഉണ്ട്.

പ്രഭാതസവാരിയോടെയാണ് കാപ്പുകാട്ടെ ആനകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം അവയെ നെയ്യാറില്‍ കുളിപ്പിക്കുന്നു. കുളികഴിഞ്ഞ് വരുന്ന ആനകള്‍ക്ക് ശര്‍ക്കരയും ചോറും മറ്റു ധാന്യങ്ങളും ചേര്‍ത്തുള്ള ആനച്ചോര്‍ നല്‍കുന്നു. പ്രായത്തിനനുസരിച്ച് ഓരോ ആനയ്ക്കും പ്രത്യേക ഭക്ഷണ ക്രമമുണ്ട്.
ഓരോ ദിവസം ഓരോ ധാന്യങ്ങളും മരുന്നുകളും ചേര്‍ത്താണ് ഭക്ഷണമൊരുക്കുന്നത്. ഇടനേരങ്ങളില്‍ റാഗി കുറുക്കും നല്‍കും. സഞ്ചാരികള്‍ നല്‍കുന്ന വാഴക്കുലകള്‍ പരിശോധിച്ച ശേഷം മാത്രമേ നല്‍കൂ. രാവിലെ മാത്രമല്ല, വൈകിട്ടും നെയ്യാറില്‍ കുളിപ്പിക്കുന്നു. വേനല്‍ക്കാലത്തും വന്യമൃഗങ്ങള്‍ക്ക് കാട്ടില്‍ സുലഭമായി വെള്ളം ലഭിക്കുന്നതിന് ജലസംഭരണികളും ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൂട്ടിലിട്ടിരിക്കുന്ന ആനകളെ കാണുന്നത് കൂടാതെ വൈകിട്ട് മൂന്നരയ്ക്ക് ആനകളെ ഊട്ടുന്നത് കാണാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഗജവീരന്മാരുടെ ആരോഗ്യപരിപാലനത്തിനായി സൂപ്പർ സ്പെഷ്യാലിറ്റി വെറ്റിനറി ഹോസ്പിറ്റലും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ രണ്ട് വെറ്ററിനറി ഡോക്ടർമാരാണ് ഗജവീരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത്.

തദ്ദേശീയരായ ജനങ്ങൾ നേതൃത്വം നൽകുന്ന കോട്ടൂർ ഇക്കോ ടൂറിസം ആണ് കോട്ടൂരിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
ഇന്ത്യൻ പൗരൻമാർക്ക് 60 രൂപയും കുട്ടികൾക്ക് 45 രൂപയുമാണ് സന്ദർശന ഫീസായി ഈടാക്കുന്നത്. വിദേശ പൗരന്മാർക്ക് 115 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് സന്ദർശന ഫീസ്.

സന്ദർശകർക്കായി ആന മ്യൂസിയം,
പ്രകൃതി സ്നേഹികൾക്കും വിദ്യാർത്ഥികൾക്കുമായി പഠന ഗവേഷണ കേന്ദ്രം,
ആന പാപ്പാൻമാർക്കുള്ള പരിശീലന കേന്ദ്രം,
ആംഫി തിയററർ,
കുട്ടിയാനകളുടെ പരിപാലനത്തിനായി പ്രത്യേക സങ്കേതങ്ങൾ,
ആനകൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വലിയ അടുക്കള,
ആനകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള പ്രത്യേക ഇടം,
നാട്ടാനകളുടേതടക്കമുള്ള ജഡങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുള്ള സംവിധാനവുമെല്ലാം ആന പരിപാലന, പുനരധിവാസ കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.
ആനപാപ്പാൻമാർക്ക് കുടുംബസമേതം താമസിക്കുവാനുള്ള 40 ക്വാർട്ടേഴ്സുകളും ഡോർമിറ്ററികളും ഇവിടെ ഉണ്ട് എന്നതും എടുത്തു പറയേണ്ട സംഗതി ആണ്..
നമ്മുടെ ഗജ വീരന്മാരുടെ എല്ലാം ജീവനും ജീവിതവും നാം ഓരോരുത്തരുടെയും കൈകളിലാണ് എന്നും അവയ്ക്ക് വേണ്ട സംരക്ഷണം നമ്മളിലൂടെ ലഭിക്കട്ടെ എന്നും ഈ ലോക ഗജദിനത്തിൽ ആഗ്രഹിക്കുന്നു. ആശംസിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments