റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായും ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്‌സ് കൗൺസിൽ (ആർഐഎസി) ആതിഥേയത്വം വഹിച്ച “റഷ്യയും ഇന്ത്യയും: ഒരു പുതിയ ബൈലാറ്ററൽ അജണ്ടയിലേക്ക്” എന്ന സമ്മേളനത്തിലാണ് ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. പുടിന്റെ ഇന്ത്യാ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ സന്ദർശനം റഷ്യയിലേക്കായിരുന്നു എന്ന് ലാവ്‌റോവ് ചൂണ്ടിക്കാട്ടി. ഇനി റഷ്യയുടെ ഊഴമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പുടിന്റെ ഇന്ത്യ സന്ദർശനത്തിന്റെ തീയതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.