ദില്ലി: ഇന്ത്യ – ചൈന സേനാ പിന്മാറ്റം തുടരുന്നു. ദെംചോക്ക്, ദെപ്‍സാംഗ് മേഖലകളിൽ നിന്ന് സേനകൾ പിന്മാറി തുടങ്ങിയെന്ന് കരസേന അറിയിച്ചു. താൽക്കാലിക നിർമ്മിതികൾ പൊളിച്ചു തുടങ്ങി. മറ്റ് മേഖലകളിലെ നടപടിയിൽ കമാൻഡർ തല, നയതന്ത്ര ചർച്ചകൾ തുടരും. ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിർണായക പുരോഗതിയാണ് കിഴക്കന്‍ ലഡാക്കിലെ സേനാ പിന്മാറ്റത്തിനുള്ള തീരുമാനം.
നാല് വര്‍ഷമായി തുടരുന്ന അനിശ്ചത്വത്തിനാണ് ആശ്വാസമാകുന്നത്. ദെംചോക്ക്, ദെപ്‍സാംഗ് മേഖലകളില്‍ നിന്ന് ഇരുസേനകളും അടുത്ത ബുധനാഴ്ചയോടെ പിന്മാറ്റം പൂർത്തിയാക്കും. തര്‍ക്കം നിലനില്‍ക്കുന്ന മറ്റ് മേഖലകള്‍ക്ക് നിലവിൽ തീരുമാനം ബാധകമല്ല. സംഘര്‍ഷം തുടങ്ങിയ 2020 ഏപ്രിലിന് മുന്‍പുള്ള സാഹചര്യം എങ്ങനെയായിരുന്നോ സമാന രീതിയിലേക്ക് മടങ്ങും. സേനകള്‍ പിന്മാറുമെങ്കിലും നിരീക്ഷണം തുടരും. പരസ്പരം അറിയിച്ചുള്ള പട്രോളിംഗിനും ധാരണയായിട്ടുണ്ട്. പുരോഗതി പരിശോധിച്ചാകും മറ്റ് മേഖലകളിലെ തീരുമാനം. അതിനാല്‍ നിലവിലെ ധാരണ മറ്റ് മേഖലകള്‍ക്ക് ബാധകമാകില്ല.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നയതന്ത്ര സൈനിക തലങ്ങളില്‍ തുടരുന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായത്. ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിംഗും തമ്മില്‍ നടന്ന ചര്‍ച്ചയും നിർണായകമായി.