ന്യൂഡൽഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി കൂടുതൽ ശക്തമാവുകയാണ്. ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കി ഇന്ത്യ, അടിക്ക് തിരിച്ചടി വാക്കുകൾ കൊണ്ട് പോരടിക്കുന്നതിനും അപ്പുറം ഇരു രാജ്യങ്ങളും നയതന്ത്ര തലത്തിൽ സമ്മർദ്ദം കഠിനമാക്കുകയും ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും ഒക്കെ ചെയ്‌തതോടെ കാനഡയിലെ ഇന്ത്യൻ സമൂഹവും, അവിടേക്ക് വിമാനം കയറാൻ ഇരിക്കുന്ന വിദ്യാർത്ഥികളും ഒരുപോലെ ആശങ്കയിലാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കണക്കുകൾ കാനഡയുടെ സ്ഥാനം വളരെ മുൻപിലാണ് എന്നോർക്കണം. എന്നാൽ നിജ്ജാർ വധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന ശീതയുദ്ധം ഈ കുടിയേറ്റത്തെയും വിദ്യാർത്ഥികളുടെ വരവിനെയും വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളും ഇത്തരമൊരു സാധ്യതയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതിന് പിന്നാലെ കാനഡയുടെ ആറ് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇന്ത്യ പുറത്താക്കിയത്. ഇത് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് അനുവദിക്കുന്ന വിസയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാക്കുന്ന ഘടകമാണ് എന്നത് തറപ്പിച്ചു പറയാം. നിലവിൽ ഡൽഹിയിലെ കനേഡിയൻ എംബസിയുടെ പ്രവർത്തനം വെട്ടിച്ചുരുക്കേണ്ട സാഹചര്യമാണ്. കഴിഞ്ഞ വർഷം മുതൽ തന്നെ ഇന്ത്യയിൽ നിന്നുള്ള വിസ അനുവദിക്കുന്നതിൽ കാനഡ നിയന്ത്രണം പാലിച്ചിരുന്നു എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ട കാര്യമാണ്.
ഇന്ത്യയിൽ നിന്ന് തൊഴിൽ തേടിയും തുടർ വിദ്യാഭ്യാസത്തിനുമായും വിദേശത്തേക്ക് പോവാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കാനഡ. വർഷംതോറും ആയിരക്കണക്കിന് പേരാണ് കാനഡയിലേക്ക് കുടിയേറുന്നത്. പുതിയ സാഹചര്യം വന്നതോടെ ഇതിലൊക്കെയും കാര്യമായ മാറ്റമുണ്ടായേക്കും എന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ട് വർഷം കാനഡ അനുവദിച്ച അന്താരാഷ്ട്ര വിദ്യാർത്ഥി വിസകളുടെ എണ്ണം 360,000 ആയി കുറച്ചിരുന്നു.