മക്ക: സൗദിയിലെത്തുന്ന ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ സൗകര്യങ്ങളൊരുക്കി ഇന്ത്യൻ ഹജ്ജ് മിഷൻ. മക്കയിൽ 3 ആശുപത്രികളും മദീനയിൽ ഒരു ആശുപത്രിയും 18 ഡിസ്പെൻസറികളുമാണ് ഒരുക്കിയിരിക്കുന്നത്. 300 അംഗ മെഡിക്കൽ സംഘത്തെയും ഏർപ്പാടാക്കിയിട്ടുണ്ട്. മക്കയിൽ 40, 30 വീതം കിടക്കകളുള്ള 3 ആശുപത്രികളും 15 ഡിസ്പെൻസറികളുമാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ വനിതകൾക്കു മാത്രമായുള്ള ക്ലിനിക്കും ഉൾപ്പെടും. മദീനയിൽ 20 കിടക്കകളുള്ള മെഡിക്കൽ സെന്ററും 3 ക്ലിനിക്കുകളുമാണുള്ളത്. അതേസമയം ഡിസ്പെൻസറികളിൽ എത്തുന്ന രോഗികളെ ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് റഫർ ചെയ്യും. ഗുരുതര രോഗമുള്ളവരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റും.
ഹജ്ജ് അനുഷ്ഠാന കേന്ദ്രങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ഇന്ത്യൻ മെഡിക്കൽ സംഘമുണ്ടാകും. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും. വിദഗ്ധ പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളും മക്കയിൽ ഒരുക്കിയിട്ടുണ്ട്.