എറണാകുളം: മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് ശനിയാഴ്ച രാവിലെ കൊച്ചിയിൽ തുടക്കമാകും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരും ചരിത്രകാരന്മാരും ചലച്ചിത്ര – കലാ പ്രവർത്തകരും സാമൂഹിക ചിന്തകരും കൾച്ചറൽ കോൺഗ്രസിൽ പങ്കെടുക്കും. രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ മൂല്യങ്ങളെ മുൻനിർത്തി രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനാണ് കൊച്ചിയിൽ തിരി തെളിയുന്നത്. എട്ട് വേദികളിലായി കലാവിഷ്കാരങ്ങൾ, സംവാദങ്ങൾ, സെമിനാറുകൾ, അഭിമുഖങ്ങൾ, നാടക-ചലച്ചിത്ര പ്രദർശനങ്ങൾ, ഗോത്ര–നാടൻ–ക്ലാസിക്കൽ കലാവതരണങ്ങൾ എന്നിവ നടക്കും. ഇതിന് ഭാഗമായി വീത വേദികളിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യവും ബഹുസ്വരതയും ഉയർത്തിക്കാട്ടുകയാണ് ഈ മഹാ സംഗമത്തിൻ്റെ ലക്ഷ്യമെന്ന് ഏകോപന ചുമതലയുള്ള പ്രമോദ് പയ്യന്നൂർ പറഞ്ഞു.
ദർബാർ ഹാൾ ഗ്രൗണ്ട്, രാജേന്ദ്ര മൈതാനം, ലളിതകല അക്കാദമി, ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം, സുഭാഷ് പാർക്ക്, ഫൈൻ ആർട്സ് ഹാൾ എന്നിവിടങ്ങളിലാണ് കൾച്ചറൽ കോൺഗ്രസിൻ്റെ ഭാഗമായുള്ള പരിപാടികൾ അരങ്ങേറുക. ശനിയാഴ്ച രാവിലെ രാജേന്ദ്ര മൈതാനിയിലെ വേദിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൾച്ചറൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും



