ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവെന്നറയിപ്പെടുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.മാത്യു സാമുവേൽ കളരിക്കല്‍(77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 21 ഉച്ചയ്ക്ക് മൂന്നിന് മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് കുടുംബം അറിയിച്ചു.1948 ജനുവരി ആറിന് കോട്ടയം ജില്ലയിലെ മങ്ങാനത്ത് ജനിച്ച ഡോ.മാത്യു 1974 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് ബിരുദം പാസായത്. തുടർന്ന് ചെന്നൈയിൽ കാർഡിയോളജിയിൽ ബിരുദാനന്തര ബിരുദവും സ്പെഷ്യലൈസേഷനും പൂർത്തിയാക്കി.ഇന്റർവെൻഷണൽ കാർഡിയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന ആൻഡ്രിയാസ് ഗ്രുയെന്റ്‌സ്റ്റിഗിന്റെ കീഴിൽ പരിശീലനം നേടിയ ശേഷം 1985-ൽ യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി. 1986ൽ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഔദ്യോഗിക ജീവിതത്തിൽ 25,000 ലേറെ കൊറോണറി ആൻജിയോപ്ലാസ്റ്റിക്ക് ഡോ.മാത്യു നേതൃത്വം നൽകിയിട്ടുണ്ട്. കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയിൽ വിദഗ്ധനായിരുന്നു. ഡോ.മാത്യുവാണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. 2000 ൽ രാജ്യം പത്മശ്രീ നല്‍കി ഡോ.മാത്യുവിനെ ആദരിച്ചു. ഏഷ്യ-പസഫിക് മേഖലയിലെ നിരവധി രാജ്യങ്ങളിൽ ആൻജിയോപ്ലാസ്റ്റി സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ബീന മാത്യു. മക്കൾ: സാം മാത്യു, അന മേരി മാത്യു. മരുമക്കൾ: മെറിൻ, ടാജർ വർഗീസ്.