ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ജനകീയ ഹെൽത്ത് ഹെൽത്ത് ഇൻഷുറൻസ് ആരംഭിച്ചു.15 ലക്ഷം രൂപയുടെ കവറേജാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 899 രൂപ മുതൽ പ്രീമിയം ആരംഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത
വലിയ സംഖ്യ പ്രീമിയമായി ചെലവഴിക്കാതെ, വിശ്വസിച്ച് വാങ്ങാവുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണിത്
ഇൻഷുറൻസ് സാധാരണക്കാരിലേക്കടക്കം എത്തിക്കുക എന്നതാണ് തപാൽ വകുപ്പിന്റെ ലക്ഷ്യം. പേഴ്സണൽ പോളിസി, ഫാമിലി പോളിസി എന്നിങ്ങനെ ഏത് നിലക്കും ഇതെടുക്കാം. തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ അക്കൗണ്ടുള്ളവർക്കാണ് ഇൻഷുറൻസെടുക്കാനാകുക. അക്കൗണ്ടില്ലാത്തവർക്ക് 200 രൂപ നൽകി അക്കൗണ്ട് തുറക്കാനുമാകും.
നാല് തരം പ്ലാനുകളാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഉള്ളത്. 899 രൂപക്ക് തുടങ്ങുന്ന പേഴ്സണൽ പ്ലാൻ ആണ് ഇതിൽ ആദ്യത്തേത്. ഇതിന് 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുക. ഇനി ഭാര്യക്കും ഭർത്താവിനും ഒരുമിച്ചാണ് പ്ലാൻ എടുക്കാൻ താൽപര്യമെങ്കിൽ 1,399 രൂപക്കാണ് പ്ലാനുകളെടുക്കാനാകുക. ദമ്പതികൾക്കൊപ്പം ഒരു കുട്ടിയുണ്ടെങ്കിൽ 1,799 രൂപക്ക് പ്ലാൻ വാങ്ങാനാകും. ഭാര്യക്കും, ഭർത്താവിനും രണ്ടു കുട്ടികൾക്കുമായി 2,199 രൂപയ്ക്ക് ഹെൽത്ത് ഇൻഷുറൻസെടുക്കാം.
18 വയസു മുതൽ 60 വയസു വരെയാണ് പോളിസിയിൽ ചേരാനാകുന്ന പ്രായ പരിധി. എന്നാൽ ജനിച്ച് 91 ദിവസം മുതലുള്ള കുട്ടികളെ മാതാപിതാക്കൾ അംഗമായ പോളിസിയിലേക്ക് ആഡ് ചെയ്യാനാകും. നിവ ബുപാ ഇൻഷുറൻസുമായി ചേർന്നാണ് ഈ ഇൻഷുറൻസ് പ്രവർത്തിക്കുന്നത്.
വർഷം തോറുമാണ് ഇൻഷുറൻസ് കാലാവധി പുതുക്കേണ്ടത്. മിക്ക അസുഖങ്ങൾക്കും പോളിസിയെടുത്ത് 30 ദിവസത്തിന് ശേഷം തന്നെ കവറേജ് ലഭിക്കുമെങ്കിലും, 2 വർഷം കാത്തിരുന്നാൽ മാത്രം കവറേജ് കിട്ടുന്ന രോഗങ്ങളുമുണ്ട്. പോളിസിയെടുക്കുന്ന സമയത്ത് തന്നെ ഇത് കൃത്യമായി വായിച്ച് മനസിലാക്കുന്നത് നല്ലതാണ്. പോസ്റ്റ്മാൻ വഴിയോ, അല്ലെങ്കിൽ നേരിട്ട് പോസ്റ്റ് ഓഫീസിൽ ചെന്നോ പോളിസിയിൽ ചേരാവുന്നതാണ്. മറ്റ് പോസ്റ്റ് ഓപീസ് പദ്ധതികളിൽ അംഗമായവർക്കോ, മറ്റ് ഇൻഷുറൻസുകളുള്ളവർക്കോ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഇൻഷുറൻസിൽ ചേരാം