ന്യൂഡല്‍ഹി: ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാനഡ. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ ശത്രു രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ‘സൈബര്‍ എതിരാളി’ എന്ന് മുദ്രകുത്തുകയും ചെയ്തു. രാജ്യാന്തര തലത്തില്‍ ഇന്ത്യയെ ആക്രമിക്കാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള കനേഡിയന്‍ തന്ത്രമാണിതെന്ന് ഇന്ത്യ തിരിച്ചടിച്ചു.
നേരത്തെ കാനഡയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ ഓഡിയോ, വീഡിയോ നിരീക്ഷണത്തിലാക്കിയ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു. കനേഡിയന്‍ സര്‍ക്കാര്‍തന്നെയാണ് ഈ വിവരം കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. നടപടി നയതന്ത്ര ഉടമ്പടികളുടെ നഗ്നമായ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു.
കാനഡയുടെ സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ടില്‍ ഇന്ത്യക്കെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുടെ കണിക പോലും ഇല്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയെ്ക്കതിരെ ആഗോള അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ കാനഡ ശ്രമിക്കുന്നുവെന്ന് അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. മറ്റ് സന്ദര്ഭങ്ങളിലെന്നപോലെ, തെളിവുകളുടെ കണിക പോലുമില്ലാതെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അവര്‍ ഇന്ത്യയെ അപമാനിക്കുന്നന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ അപമാനത്തെ സാങ്കേതികന്യായങ്ങള്‍ പറഞ്ഞ് മറയ്ക്കാനാവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തുന്നുണ്ട്. ഇതിനെതിരേ കനേഡിയന്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചു.
കാനഡയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍തന്നെ തീവ്രവാദത്തിന്റെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണു ജോലി ചെയ്യുന്നത്. ഇപ്പോഴത്തെ നടപടി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. വ്യവസ്ഥാപിതമായ നയതന്ത്രമാനദണ്ഡങ്ങള്ക്കു വിരുദ്ധമാണ് ഈ അപമാനം. കാനഡയിലുള്ള ഖലിസ്ഥാന്‍ ഭീകരരെ വധിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടെന്ന കനേഡിയന്‍ വിദേശകാര്യസഹമന്ത്രി ഡേവിഡ് മോറിസന്റെ ആരോപണത്തിനെതിരേയും ഇന്ത്യ രംഗത്തുവന്നു. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തിയാണു പ്രതിഷേധമറിയിച്ചത്.
കനേഡിയന്‍ മന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ച വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റ് പോലെയുള്ള രാജ്യാന്തരമാധ്യമങ്ങള്ക്കു ചോര്‍ത്തി ക്കൊടുത്തെന്ന കനേഡിയന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍ ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരപ്രത്യാഘാതമുണ്ടാക്കുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്കി.