ദില്ലി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനുവദിക്കില്ലെന്ന് ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയോട് ബിജെപി. മംദാനി തിഹാർ ജയിലിലുള്ള മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാവ് ഉമർ ഖാലിദിന് അയച്ച കുറിപ്പിനെതിരെയാണ് വിമർശനം. ബിജെപിയുടെ ദേശീയ വക്താവ് ഗൗരവ് ഭാട്ടിയയാണ് രംഗത്തെത്തിയത്. ആരെങ്കിലും കുറ്റാരോപിതനെ പിന്തുണയ്ക്കുകയോ, ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുകയോ ചെയ്താൽ, രാജ്യം അത് സഹിക്കില്ലെന്നാണ് ഗൗരവ് ഭാട്ടിയ പറഞ്ഞത്. ഓരോ ഇന്ത്യൻ പൗരനും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഗൗരവ് ഭാട്ടിയ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“നമ്മുടെ ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യാൻ പുറത്തുനിന്നുള്ളവർ ആരാണ്? അതും ഇന്ത്യയെ തകർക്കാൻ ആഗ്രഹിക്കുന്ന ഒരാളെ പിന്തുണയ്ക്കാൻ വേണ്ടിയാണോ? ഇത് ശരിയല്ല. ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 140 കോടി ഇന്ത്യക്കാർ നിലകൊള്ളും”- ഗൗരവ് ഭാട്ടിയ പറഞ്ഞു. അതേസമയം ഉമർ ഖാലിദിന് ജാമ്യം നൽകണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ന്യായവും സമയബന്ധിതവുമായ വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് യുഎസ് ജനപ്രതിനിധികൾ യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് ക്വാത്രയ്ക്ക് കത്തെഴുതി.
രാഹുൽ ഗാന്ധി വിദേശ യാത്രകളിൽ ഇന്ത്യാ വിരുദ്ധ ശക്തികളെയും ഇന്ത്യയുടെ ശത്രുക്കളെയും കണ്ടുമുട്ടുന്നുവെന്നും രാജ്യത്തിനെതിരെ വ്യാജ പ്രചാരണം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഗൗരവ് ഭാട്ടിയ ആരോപിച്ചു



