ന്യൂഡല്‍ഹി: റെയില്‍വേ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഐഐടി മദ്രാസ് വികസിപ്പിച്ചെടുത്ത ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് യാഥാര്‍ഥ്യത്തിന്റെ ഘട്ടത്തിലേക്ക് കടന്നാല്‍ വെറും 30 മിനിറ്റിനുള്ളില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. അതായത് ഏകദേശം 300 കിലോമീറ്റര്‍ ദൂരം വരുന്ന ഡല്‍ഹി- ജയ്പൂര്‍ യാത്ര അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മണിക്കൂറില്‍ ഏകദേശം 761 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. 422 മീറ്റര്‍ നീളമുള്ളതാണ് ഐഐടി മദ്രാസ് വികസിപ്പിച്ച ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക്.
‘സര്‍ക്കാര്‍-അക്കാദമിക് സഹകരണം ഭാവി ഗതാഗതത്തില്‍ പരിഷ്‌കരണത്തിന് വഴിയൊരുക്കുന്നു.’- എന്ന കുറിപ്പോടെ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണത്തിന്റെ വിഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സില്‍ പങ്കുവെച്ചു. റെയില്‍വേ മന്ത്രാലയമാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ഐഐടി മദ്രാസ് കാമ്പസിലാണ് ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് വികസിപ്പിച്ചത്. ‘422 മീറ്ററുള്ള ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഏറെ നിര്‍ണായകമാകും. ഹൈപ്പര്‍ലൂപ്പ് പദ്ധതി കൂടുതല്‍ വികസിപ്പിക്കുന്നതിന് ഐഐടി മദ്രാസിന് മൂന്നാമത്തെ ഗ്രാന്റ് അനുവദിക്കുന്നതിന് സമയമായിരിക്കുന്നു’- അശ്വിനി വൈഷ്ണവ് കുറിച്ചു. ആദ്യത്തെ വാണിജ്യ പദ്ധതി ഉടന്‍ ഏറ്റെടുക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘അഞ്ചാമത്തെ ഗതാഗത മാര്‍ഗ്ഗം’ എന്നറിയപ്പെടുന്ന ഹൈപ്പര്‍ലൂപ്പ് ദീര്‍ഘദൂര യാത്രകള്‍ക്കുള്ള ഒരു അതിവേഗ ഗതാഗത സംവിധാനമാണ്. വാക്വം ട്യൂബുകളിലെ പ്രത്യേക കാപ്‌സ്യൂളുകള്‍ വഴി ട്രെയിനുകള്‍ക്ക് വളരെ ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് അനുവദിക്കുന്നു. ഒരു വാക്വം ട്യൂബിനുള്ളില്‍ കാന്തത്തിന്റെ സഹായത്തോടെ ഫ്‌ളോട്ട് ചെയ്ത് കിടക്കാന്‍ സഹായിക്കുന്ന സംവിധാനം ഉപയോഗിച്ച് ഘര്‍ഷണവും കാറ്റ് പിടിത്തവും ഇല്ലാതാക്കി അതിവേഗം സഞ്ചരിക്കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ലൂപ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ ഏകദേശം 761 മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകത. ഇതിന് വിമാനത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. കുറഞ്ഞ വൈദ്യുതി ഉപഭോഗവും 24 മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജ സംഭരണവും ഹൈപ്പര്‍ലൂപ്പിന്റെ മറ്റു സവിശേഷതകളാണ്.