ദില്ലി: ‘ഇന്ത്യയിൽ ജീവിക്കാൻ തുടങ്ങിയിട്ട് 35 വര്‍ഷമെങ്കിലും ആയി’. പാക്കിസ്ഥാൻ പൗരത്വമുള്ള ശാരദ ഭായിയോട് നാടുവിടാൻ ആവശ്യപ്പെടുകയാണ് ഒഡീഷ പൊലീസ്. നിര്‍ദിഷ്ട സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ബൊലാംഗീറിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ശാരദ ഭായിയെ വിവാഹം കഴിച്ചത്. വർഷങ്ങൾക്ക് മുമ്പ് മഹേഷ് കുക്രേജ എന്നയാളെയാണ് ഇവര്‍ വിവാഹം കഴിച്ചു. ഇരുവര്‍ക്കും ജനിച്ച മകനും മകളും ഇന്ത്യക്കാരാണ്. വോട്ടർ ഐഡി ഉൾപ്പെടെയുള്ള എല്ലാ പ്രധാന രേഖകളും ശാരദ ഭായിയുടെ കൈവശം ഉണ്ടായിരുന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം മാത്രം ലഭിച്ചിട്ടില്ല. തന്റെ കുടുംബത്തിൽ നിന്ന് തന്നെ വേർപെടുത്തരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ശാരദ. മൂന്ന് പതിറ്റാണ്ടിലേറെയായി താൻ താമസിച്ചിരുന്ന ഇന്ത്യയിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് അവർ കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു. ‘ഞാൻ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നെ ബൊലാംഗീറിൽ വന്നു. എനിക്ക് പാകിസ്ഥാനിൽ ആരുമില്ല. എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. ദയവായി എന്നെ ഇവിടെ താമസിക്കാൻ അനുവദിക്കണമെന്ന് ഞാൻ സർക്കാരിനോടും നിങ്ങളെയെല്ലാവരോടും കൂപ്പുകൈകളോടെ അപേക്ഷിക്കുന്നു’- ശാരദ പറയുന്നു. തനിക്ക് രണ്ട് മുതിർന്ന കുട്ടികളുണ്ട്, പേരക്കുട്ടികളുണ്ട്. എനിക്ക് ഇവിടെ ഒരു ഇന്ത്യക്കാരിയായി ജീവിക്കണം എന്നും അവർ പറഞ്ഞു. സർക്കാരിന് നൽകിയ നിവേദനം എല്ലാവരുടെയും ഹൃദയം ഉലയ്ക്കുന്നുണ്ടെങ്കിലും, നിയമപ്രകാരം നടപടിയെടുക്കുമെന്ന് ബൊലാംഗീർ പൊലീസ് അറിയിച്ചുകഴിഞ്ഞു.