ഡൽഹി: രാജ്യത്ത് ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ. ഇന്ത്യയിൽ ആദ്യമായി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ ഡൽഹിയിൽ സർവീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. ഡൽഹി മെട്രോ കുടുംബത്തിന് ഇന്ന് ചരിത്രപരമായ ദിനമാണെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു.
ഡ്രൈവറില്ലാ ട്രെയിനുകൾക്ക് മണിക്കൂറിൽ 95 കിലോ മീറ്റർ വരെ സുരക്ഷിതമായ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 85 കിലോ മീറ്റർ വരെ പ്രവർത്തന വേഗതയിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ട്രെയിൻ സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഡൽഹി മെട്രോയുടെ മൂന്ന് ലൈനുകളിൽ രണ്ട് എക്സ്റ്റൻഷനുകളും പുതിയ ഗോൾഡ് ലൈൻ 10 ലും 64.67 കിലോ മീറ്റർ വരെ വേഗതയിൽ ഇവ സഞ്ചരിക്കുമെന്ന് ഡിഎംആർസി എംഡി വികാസ് കുമാർ പറഞ്ഞു.