ഡല്‍ഹി: വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള രണ്ടായിരത്തോളം വിസ അപ്പോയ്ന്‍മെന്റുകള്‍ അമേരിക്ക റദ്ദാക്കി. ഇന്ത്യയിലെ യുഎസ് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിയമവിരുദ്ധമായി ബോട്ട് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നല്‍കിയ അപേക്ഷകളാണ് റദ്ദാക്കിയത്.ഇന്റര്‍നെറ്റിലെ വിവിധ ജോലികള്‍ തനിയെ ചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന വിര്‍ച്വല്‍ റോബട്ടുകളാണ് ബോട്ടുകള്‍. ബോട്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ബുക്ക് ചെയ്ത രണ്ടായിരത്തോളം വിസ അപ്പോയ്ന്‍മെന്റുകളാണ് റദ്ദാക്കിയത്. വിസ അപ്പോയ്ന്‍മെന്റുകളില്‍ വലിയ നിയമ ലംഘനങ്ങള്‍ നടത്തിയതായി എംബസി കണ്ടെത്തിയതിനെതുടര്‍ന്ന് ഇത്തരം അക്കൗണ്ടുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായും എംബസി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ എംബസി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കിട്ട പ്രസ്താവന ഇങ്ങനെയാണ് – ബോട്ട് അക്കൗണ്ടുകള്‍ നടത്തിയ 2000 വിസ അപ്പോയ്ന്‍മെന്റുകള്‍ ഇന്ത്യന്‍ കോണ്‍സുലാര്‍ ടീം റദ്ദാക്കുകയാണ്. നിയമങ്ങള്‍ ലംഘിക്കുന്ന ഏജന്റുമാരോട് ഒരു വിട്ടുവീഴ്ചയുമില്ലെന്നും യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി.