ഇടുക്കി: ഇടുക്കി ജില്ലയിലെ നഗറുകളുടെ സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് വിവിധ പദ്ധതികളുമായി ഇടുക്കി രൂപതയുടെ കീഴിലുള്ള ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി. ഇതിന്‍റെ ഭാഗമായി ആദിവാസികള്‍ക്ക് ചിറ്റീന്ത് ചൂല്‍ നിർമാണത്തില്‍ പരിശീലനം സംഘടിപ്പിച്ചു.
സൊസൈറ്റി നടപ്പാക്കുന്ന എല്‍ഇഡിപിയുടെ ഭാഗമായി മറയൂരില്‍ നബാർഡിന്‍റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്തു കുടികളിലെ 90-ഓളം ആദിവാസി സ്ത്രീകള്‍ക്ക് ചിറ്റീന്ത് ചൂല്‍ നിർമാണത്തില്‍ വിദഗ്ധ പരിശീലനം നല്‍കി. ഇതിനായി രണ്ടു ക്യാന്പുകളാണ് സംഘടിപ്പിച്ചത്. മൂന്നു മാസം മുന്പ് ഒന്നാം ഘട്ട പരിശീലനം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് രണ്ടാം ഘട്ട പരിശീലനം. ഹില്‍റേഞ്ച് ഫാർമർ പ്രൊഡ്യൂസർ കന്പനിയില്‍ നിന്നുള്ള വിദഗ്ധർ പരിശീലനത്തിനു നേതൃത്വം നല്‍കി.
ആദിവാസികൾക്കായി രൂപം കൊടുത്തിരിക്കുന്ന ഗിരിജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനി അഞ്ചുനാട് പ്രൊഡക്ടസ് എന്ന ബ്രാൻഡില്‍ മാർക്കറ്റ് ചെയ്യുന്ന മൂല്യവർധിത ഉത്പന്നങ്ങളുടെ ഭാഗമായി ഇവർ നിർമിക്കുന്ന ചൂലുകള്‍ വിറ്റഴിക്കുമെന്ന് എച്ച്‌ഡിഎസ് ഡയറക്ടർ ഫാ. ജോസഫ് കൊച്ചുകുന്നേല്‍ അറിയിച്ചു.