ചെറുതോണി: ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂറ്റൻപാറ അടർന്നുവീണു. ഡാമിൻറെ ഗേറ്റിന് സമീപത്ത് കുറത്തി മലയിൽനിന്നുമാണ് പുലർച്ചെ കൂറ്റൻപാറ അടർന്നുവീണത്. പാറ വന്നു പതിച്ച് ഡാമിൻറെ പ്രവേശന കവാടത്തിനും കേടുപാടുകൾ സംഭവിച്ചു. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം ഡാമിൻറെ കിഴക്ക് ഭാഗത്തെ ഗേറ്റിൽ മുമ്പിൽ വന്നു പതിച്ച പാറ പൊട്ടി തെറിച്ച് ഒരു ഭാഗം ഗേറ്റിൻ്റെ ഭിത്തിയിൽ ഇടിച്ച് താഴേക്ക് വീണു. പുലർച്ചെ ആയതിനാൽ സമീപത്ത് മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനാൽ വലിയ ദുരന്തമാണ് ഒഴിവായത് ഡാമിൽ പ്രവേശനമുള്ള സമയത്ത് സന്ദർശകരുടെയും കെഎസ്ഇബി ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും നിരവധി വാഹനങ്ങൾ പതിവായി ഇവിടെ കാണാറുണ്ട്. സമീപത്ത് നിരവധി വീടുകളുണ്ട്.
പാറ വീഴ്ച സമീപവാസികൾക്കും വലിയ ഭീഷണിയായിട്ടുണ്ട്. മലമുകളിൽ അപകടകരമായ വിധത്തിൽ ഇനിയും കൂടുതൽ പാറകൾ ഉണ്ടെന്നും ഇവ പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് അധികൃതർ മുൻകൈയെടുക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.



