ഇടുക്കി ജില്ലയിലെ ആദ്യ ടോള്‍ പ്ലാസ പ്രവര്‍ത്തനം തുടങ്ങി. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാറിനും ബോഡിമെട്ടിനുമിടയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൊച്ചി ധനുഷ്കോടി ദേശീയ പാത 85 ദേവികുളത്തിനടുത്തുള്ള ലക്കാട് (ലോക്ക്ഹാർട്ട്) എന്ന സ്ഥലത്താണ് ടോള്‍ പ്ലാസയുള്ളത്. ഇന്ന് രാവിലെ എട്ട് മുതലാണ് ടോള്‍ പിരിക്കാൻ തുടങ്ങിയത്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്ബനിയാണ് ടോള്‍ പ്ലാസ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെൻഡർ എടുത്തിരിക്കുന്നത്. 2023ല്‍ ദേശീയപാതയുടെ പണി പൂർത്തിയായെങ്കിലും ടോള്‍ പ്ലാസയുടെ പ്രവർത്തനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആദ്യം ടെൻഡർ എടുത്ത കമ്ബനി പിൻവാങ്ങിയതാണ് ടോള്‍ പ്ലാസ തുറക്കുന്നതില്‍ കാലതാമസമുണ്ടാക്കിയത്. ടോള്‍ പ്ലാസയുടെ നിർമ്മാണം മൂലം സ്ഥലവും വീടും നഷ്ടപ്പെട്ടവരില്‍ നിന്ന്, വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ക്ക് 340 രൂപയുടെ പ്രതിമാസ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.