ചെറുതോണി: ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഓണ്‍ഗ്രിഡ് സൗരോർജ പ്ലാന്റ് കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ പ്രവർത്തനക്ഷമമായതായി ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
270 കിലോ വാട്ട് പവർ ഉത്പാദിപ്പിക്കുന്ന സോളാർ പാനലുകളാണ് ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടത്തിന്റെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഏല് സോള്‍ പവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ഒന്നര കോടിയാളം രൂപ മുടക്കുവരുന്ന പദ്ധതി സ്ഥാപിച്ചത്.
പകല്‍ സമയം ഉത്പാദിപ്പിക്കുന്ന വൈദുതിയില്‍ ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി മുഴുവൻ സോളാർ പ്ലാന്റില്‍നിന്നു ലഭിക്കും. അധികം വരുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഓണ്‍ ഗ്രിഡിലേക്കു നല്‍കും. രാത്രി ആവശ്യമായി വരുന്ന വൈദുതി മുഴുവൻ കെഎസ്ഇബിയില്‍നിന്നു വാങ്ങും. ഇപ്പോള്‍ ആശുപത്രി വൈദുതി ചാർജ് ഇനത്തില്‍ കെഎസ്ഇബിയില്‍ ഓരോ മാസവും അടയ്ക്കേണ്ടി വരുന്ന തുകയില്‍ വലിയൊരു ഭാഗം സോളാർ പാനല്‍ സ്ഥാപിച്ചതോടെ ലാഭിക്കാനാവുമെന്നു ഡയറക്ടർ പറഞ്ഞു.
ആശുപത്രി സ്ഥാപകൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ സ്വപ്നമായിരുന്നു ഹോസ്പിറ്റലില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുക എന്നത്. ആ സ്വപ്നവും ഇതിലൂടെ സാധ്യമാക്കാനായി. ഹോസ്പിറ്റലർ സന്യാസസഭ ലോകവ്യാപകമായി അവരുടെ എല്ലാ സ്ഥാപനങ്ങളിലും സോളാർ വൈദ്യുത പദ്ധതി പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കട്ടപ്പന സെന്റ് ജോണ്‍സ് മിഷൻ ആശുപത്രിയിലും സോളാർ വൈദ്യുത പദ്ധതി പ്രവർത്തികമാക്കിയത്.
നാളെ 2.30ന് കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറന്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ ടോണി മാത്യു, ഏല് സോള്‍ പവർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ടിൻസ് മാത്യു എന്നിവർ ചേർന്ന് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ നിർവഹിക്കും. പത്രസമ്മേളനത്തില്‍ ആശുപത്രി ജനറല്‍ മാനേജർ ജേക്കബ് കോര, ഡെപ്യൂട്ടി മാനേജർ ജിജോ വർഗീസ്, ജോസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.



