ഇടുക്കി: നഷ്ടപ്പെട്ടുപോയ കാർഷിക സംസ്‌കാരത്തെ മുറുകെ പിടിക്കുക, നെല്‍കൃഷിയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കുക എന്നീ ഉദ്ദേശത്തോടെ ഇടിഞ്ഞമല ഗവ.എല്‍ പി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഞാറ് നടീല്‍ മഹോത്സവം സംഘടിപ്പിച്ചു.
ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച നടീല്‍ മഹോത്സവം പുതുതലമുറക്ക് പുതിയൊരു പരിശീലനകളരിയായി മാറിയത്. കർഷക വേഷത്തില്‍ എത്തി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഞാറ് നടീല്‍ കർമം ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ നെല്‍കൃഷിയുടെ പാഠഭാഗങ്ങള്‍ നിലവില്‍ പഠിച്ചിരുന്നത് വിവരസാങ്കേതികവിദ്യ സഹാത്തോടെയായിരുന്നു. അതിനാല്‍ കുട്ടികളില്‍ നിന്നും വന്ന ആവശ്യമായിരുന്നു നെല്‍കൃഷി ചെയ്ത് പഠിക്കുക എന്നത്. തോമസ് കെ.ജെ കൈപ്പയിലാണ് നെല്‍കൃഷിക്കായി സ്‌കൂളിന് സ്ഥലം നല്‍കിയത്. പാലക്കാടൻ മട്ട ഇനത്തില്‍പ്പെട്ട നെല്ലിനമാണ് കുട്ടികള്‍ കൃഷിക്കായി ഉപയോഗിച്ചത്.
ചേറിന്റെ മണമുള്ള കാർഷിക സംസാകാരം വേറിട്ട അനുഭവമായിരുന്നെന്നു കുട്ടി കർഷകർ പറഞ്ഞു. പഞ്ചായത്ത് വൈ. പ്രസിഡന്റ് .രജനി സജി, കൃഷി ഓഫീസർ ഗോവിന്ദ് രാജ് പി.ടി.എ പ്രസിഡന്റ് ഷാജി പറമ്ബില്‍, എസ്.എം.സി ചെയർമാൻ സാബു കാട്ടത്തിയില്‍, എം.പി. ടി.എ പ്രസിഡന്റ് സോണിയ, തോമസ് കൈപ്പയില്‍, റെജി കൈപ്പയില്‍, പി.ടി.എ അംഗങ്ങള്‍ തുടങ്ങിയവർ നടീല്‍ കർമ്മത്തില്‍ പങ്കാളികളായി.