Saturday, August 2, 2025
No menu items!
Homeവാർത്തകൾഇങ്ങനെയൊരു അവസരം ഇതാദ്യം; ഉപഭോക്താക്കൾക്ക് പുതിയ സൗകര്യം ഒരുക്കി കെഎസ്ഇബി

ഇങ്ങനെയൊരു അവസരം ഇതാദ്യം; ഉപഭോക്താക്കൾക്ക് പുതിയ സൗകര്യം ഒരുക്കി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇബി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. മന്ത്രിസഭ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന 2025 മെയ് 20 മുതൽ മൂന്ന് മാസക്കാലം ഏറ്റവും മികച്ച ഇളവുകളോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ദീർഘകാല കുടിശ്ശിക തീർക്കാൻ കഴിയും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കെഎസ്ഇബി തയ്യാറാക്കിയത്.  ഉപഭോക്താക്കൾക്ക് തങ്ങളുടെ കുടിശ്ശിക അനായാസം അടച്ചുതീർക്കാനുള്ള സുവർണ്ണാവസരമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ കെഎസ്ഇബി ഒരുക്കുന്നത്. രണ്ടു വര്‍ഷത്തിനുമേല്‍ പഴക്കമുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാൻ കഴിയുക. വൈദ്യുതി ബില്‍ കുടിശ്ശിക കാരണം വിച്ഛേദിക്കപ്പെട്ട കണക്ഷനുകള്‍ കുടിശ്ശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുമാകും. 10 കൊല്ലത്തിനു മുകളിൽ പഴക്കമുള്ള കുടിശ്ശിക തുകയുടെ 18 ശതമാനം നിരക്കിൽ വരുന്ന പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. അഞ്ച് മുതൽ 10 വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം നാല് ശതമാനം, രണ്ടു മുതൽ അഞ്ചു വർഷം വരെയുള്ള കുടിശ്ശിക തുകയ്ക്ക് 18 ശതമാനത്തിനു പകരം ആറ് ശതമാനം എന്നിങ്ങനെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഒറ്റത്തവണയായി തീർപ്പാക്കാൻ കഴിയും.  പലിശ തുക ആറ് മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. കുടിശ്ശികയായ വൈദ്യുതി ബിൽ തുകയും പദ്ധതിയുടെ ഭാഗമായി ഇളവു കണക്കാക്കിയുള്ള പലിശ തുകയും ചേർത്ത് ഒറ്റത്തവണയായി അടച്ചുതീർക്കുന്നവർക്ക് ആദ്യമായി ബിൽ കുടിശ്ശികയിൽ (Principal Amount) അഞ്ച് ശതമാനം ഇളവും ലഭിക്കും. അതായത് ബിൽ കുടിശ്ശികയുടെ 95 ശതമാനം മാത്രം അടച്ചാൽ മതിയാകും. കെഎസ്ഇബി ഇത്രയേറെ ഇളവുകളോടെ കുടിശ്ശിക തീർപ്പാക്കാൻ അവസരമൊരുക്കുന്നത് ഇതാദ്യമാണ്. റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാരത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാനാകും. കേബിൾ ടിവി ഉടമകളുടെ വൈദ്യുത പോസ്റ്റ് വാടക കുടിശ്ശികയും ഈ പദ്ധതിയുടെ ഭാഗമായി തീർപ്പാക്കാൻ അവസരമുണ്ട്.  ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ഈ സേവനം ലഭ്യമാവുക. https://ots.kseb.in എന്ന പ്രത്യേക വെബ്‌പോര്‍ട്ടല്‍ വഴിയും കുടിശ്ശികയുടെ വിശദാംശങ്ങൾ അറിയാനും പണമടയ്ക്കാനും അവസരമൊരുക്കും. പൂർണ്ണമായ കുടിശ്ശിക നിവാരണം ലക്ഷ്യമിട്ടാണ് ഇത്രയേറെ ഉദാരമായ വ്യവസ്ഥകളിലൂടെ  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അവതരിപ്പിക്കുന്നത്. ഇനി ഇത്തരമൊരു അവസരം ലഭ്യമാകുന്നതല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments