Saturday, April 5, 2025
No menu items!
Homeവാർത്തകൾആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം 55-ാം ദിവസത്തിലേക്ക്

ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന സമരം 55-ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ആശാവർക്കർമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന രാപ്പകൽ സമരം  ഇന്ന് 55-ാം ദിവസത്തിലേക്ക് കടക്കുന്നു. ആശമാര്‍ നിരാഹാര സമരം തുടങ്ങിയിട്ട് ഇന്ന് 16 -ാം ദിവസമാണ്. മന്ത്രിയുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറെണെന്ന് ഇന്നലെ സമര സമിതി അറിയിച്ചെങ്കിലും ഇനി ചര്‍ച്ച നടത്തേണ്ടെ കാര്യമില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ പ്രതികരണം.  ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധനവടക്കം പഠിക്കാൻ കമ്മിറ്റിയെന്ന തീരുമാനത്തിലുറച്ചാണ് സര്‍ക്കാര്‍ നിൽക്കുന്നത്. കമ്മിറ്റി നിയോഗിക്കാനുള്ള തീരുമാനത്തെ സിഐടിയുവും ഐഎൻടിയുസിയും പിന്തുണച്ചിരുന്നു. എന്നാൽ പിടിവാശി തങ്ങള്‍ക്കല്ല ,സര്‍ക്കാരിനെന്നാണ് സമരസമിതിയുടെ മറുപടി. സർക്കാർ ഇനിയൊരു ചർച്ചക്ക് തയ്യാറല്ലാത്തതിനാൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് ആശമാരുടെ തീരുമാനം.

ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ച നടത്തിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ വ്യക്തമാക്കി. സംഘടനകൾ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീർക്കുകയും ഓണറേറിയം മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. മൂന്ന് മാസത്തെ സമയപരിധി വച്ച് പ്രശ്നങ്ങളിൽ തീർപ്പാണ് ഉദ്ദേശിച്ചത്. സമരത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചു. ട്രേഡ് യൂണിയൻ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്. സമരം ചെയ്യുന്ന സംഘടന ആലോചിച്ച് അറിയിക്കാമെന്നാണ് പറഞ്ഞത്. ഓണറേറിയം വർദ്ധന അടക്കമുള്ള കാര്യങ്ങൾ ടേംസ് ഓഫ് റഫൻസിൽ ഉൾപ്പെടുത്തി തന്നെ മുന്നോട്ട് പോകാം.  ഓണറേറിയം വർധന തീരുമാനിക്കേണ്ടത് ആരോഗ്യ വകുപ്പ് ഒറ്റക്കല്ല. ധനവകുപ്പും തൊഴിൽ വകുപ്പും എല്ലാം അഭിപ്രായം പറയണം. ചർച്ചയെല്ലാം റെക്കോർഡഡാണെന്നും സമരക്കാർക്ക് സമ്മതമെങ്കിൽ അത് പുറത്ത് വിടാമെന്നും വീണ ജോർജ് വ്യക്തമാക്കി. വളരെ ഗൗരവത്തോടെയാണ് സർക്കാർ വിഷയങ്ങൾ കാണുന്നത്.  അതുൾക്കൊണ്ടുകൊണ്ട് സമരത്തിൽ നിന്ന് പിന്മാറണം. സർക്കാർ എതിർ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വീണ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments