ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിക്കും വിനോദസഞ്ചാര സാധ്യതകള്‍ക്കും പുതുജീവന്‍ നല്‍കാനായി ജില്ല ഭരണകൂടത്തിന്റെ ഏകോപനത്തില്‍ നടപ്പാക്കുന്ന ആലപ്പുഴ കനാല്‍ സൗന്ദര്യവത്കരണ പരിപാലന പദ്ധതി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ട്. ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്ലീന്‍ ആലപ്പുഴ പദ്ധതിയും എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച കനാല്‍ തീരങ്ങള്‍ വൃത്തിയാക്കി, നവീകരിച്ച്, പരിപാലിക്കുന്ന മുസിരിസ് പദ്ധതിയും ചേര്‍ന്നാണ് നഗരത്തിലെ കനാല്‍തീരങ്ങല്‍ സൗന്ദര്യവത്കരിക്കുന്നത്. ഇതു സംബന്ധിച്ച് ജില്ല കളക്ടർ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി യോഗങ്ങൾ ചേർന്നിരുന്നു.
നഗരത്തിലെ വാടക്കനാലിന്റെയും കമേഷ്യല്‍ കനാലിന്റയും തീരങ്ങളാണ് സൗന്ദര്യവത്കരിച്ച് വികസിപ്പിക്കുന്നത്. മട്ടാഞ്ചേരിപാലം മുതല്‍ പുന്നമടവരെയുള്ള 11 കിലോമീറ്റര്‍ കനാലോരമാണ് ഇതില്‍പ്പെടുക. പങ്കാളിത്ത വിനോദസഞ്ചാര മാതൃതയിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥലം ഏറ്റെടുത്ത് വൃത്തിയാക്കി നവീകരിച്ച് പരിപാലിക്കുകയാണ് ചെയ്യുന്നത്. കനാല്‍ പരിസരത്തെ മാലിന്യം നീക്കം ചെയ്ത് കനാലോരങ്ങള്‍ നവീകരിച്ച് പരിപാലിക്കുന്നതിനായി മുസിരിസ് സ്ഥാപനങ്ങളുമായി അഞ്ച് വര്‍ഷ കരാറാണ് വെച്ചിരിക്കുന്നത്. മാലിന്യം നീക്കം ചെയ്യുന്നതും പാഴ്മരങ്ങള്‍ മുറിച്ചു മാറ്റുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ആലപ്പുഴ നഗരസഭയുടെ മുൻകൈയ്യോടെയാണ് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭ ഇരുന്നൂറോളം ലോഡ് മാലിന്യം ഇതിനോടകം നീക്കം ചെയ്തിട്ടുണ്ട്. സ്ഥാപനങ്ങള്‍ നല്‍കുന്ന രൂപരേഖയിൽ മുസിരിസ്സിന്റെ അംഗീകാരത്തോടെയാണ് നവീകരിക്കുന്നത്.
കണ്ണന്‍വര്‍ക്കി പാലത്തിനു സമീപം കയര്‍കോര്‍പറേഷന്‍ ഓഫീസിനു മുന്നിലായി നഗരസഭ ഏറ്റെടുത്തു സൗന്ദര്യവത്കരിക്കുന്ന ഭാഗം, കയര്‍ഫെഡ് ഓഫീസിനു മുന്നിലായി കയര്‍ കോര്‍പറേഷന്‍ ഏറ്റെടുത്തു നവീകരിക്കുന്ന ഭാഗം എന്നിവ 80 ശതമാനത്തിലേറെ പണി പൂര്‍ത്തിയായിട്ടുണ്ട്. വര്‍ഷങ്ങളായി കാടുമൂടിക്കിടന്ന വള്ളംകളിയുടെ മാതൃകയിലുള്ള ചുവര്‍ശില്പവും പരിസരവുമാണ് നഗരസഭ വൃത്തിയാക്കി പെയിന്റ് ചെയ്ത് മോടിവരുത്തിയത്. പുല്‍ത്തകിടിയും ലൈറ്റും പിടിപ്പിച്ച് കായല്‍കരയില്‍ ആളുകള്‍ക്ക് സമയം ചെലവഴിക്കാനായി പാര്‍ക്കാക്കി മാറ്റുകയാണ് നഗരസഭ ഉദ്ദേശിക്കുന്നത്. പദ്ധതിയുമായി കൂടുതൽ സ്ഥാപനങ്ങളും സംഘടനകളും സഹകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.



