കായംകുളം: ജില്ലാ സ്കൂൾ യുവജനോത്സവത്തിൽ മൂന്നാം തവണയും വൃന്ദവാദ്യത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയപ്പോൾ വൃന്ദവാദ്യം എന്നാൽ മുഹമ്മ എ ബി വിലാസം സ്കൂൾ എന്നായി. കഴിഞ്ഞ രണ്ടു തവണയും ഹൈസ്കൂൾ വിഭാഗത്തിൽ ആയിരുന്നെങ്കിൽ ഇക്കുറി ഹയർ സെക്കൻഡറിയെ പ്രതിനിധീകരിച്ചാണ് ഹാട്രിക് സ്വന്തമാക്കിയത്.
2002 ൽ ഒന്നാം സ്ഥാനം നേടിക്കഴിഞ്ഞപ്പോൾ ടീം വിപുലീകരിച്ചു. ചെണ്ട അഭ്യസിക്കുന്ന വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി സ്കൂൾ മ്യൂസിക് ബാൻഡ് ടീം രൂപകരിച്ചു. “ദി ബീറ്റ് റൂട്ട് ‘ എന്ന പേരിൽ ഇവർ പൊതുപരിപാടികളിൽ ഫ്യൂഷൻ പരിപാടികൾ അവതരിപ്പിച്ചു വരുന്നു. ഇതിനകം അമ്പതോളം വേദികളിൽ ഇവർ കൈയൊപ്പ് ചാർത്തിക്കഴിഞ്ഞു. ഒരു ടെലിവിഷൻ ചാനലിന്റെ പരിപാടിയിലൂടെ ഒരു ലക്ഷം രൂപയുടെ സമ്മാനവും നേടി.
അക്ഷയ് ഹരി (ഫ്ലൂട്ട്, സാസ്‌ഫോൺ ), ടി എസ് അഭിഷേക് ( ഡ്രംസ് ), അശ്വതി അനിൽ (ഗിത്താർ), ഗൗരി ജി ബിജു ( കീബോർഡ് ), കെ എസ് ഗൗരി (റിഥ പാഡ് ), അദ്വൈത് മനോജ് (പെർക്യൂഷൻ ), വി എം ദക്ഷായക് ( കീബോർഡ്) എന്നിവരാണ് ഉപകരണങ്ങൾ കൈകാര്യം ചെയ്‌തത്. മനോജ് മോഹൻ (പെർക്യൂഷൻ), ഷിബു അനിരുദ്ധ് (മെലഡി), അനൂപ് ആനന്ദ് (കീബോർഡ് ), ജോസഫ് സിജു (ഗിറ്റാർ), എന്നിവരാണ് ടീമിന്റെ പരിശീലകർ. സ്കൂളിലെ സംഗീതാധ്യാപകൻ ബി എസ് ബിബിൻ , എസ്പിസി യുടെ സിപിഒ യും അധ്യാപികയുമായ പി ആർ അശ്വതി എന്നിവർക്കാണ് ടീമിന്റെ മേൽനോട്ടചുമതല.