കേരളാ സംസ്ഥാന സർക്കാരിന് കീഴിലുള്ള ജല ഗതാഗത വകുപ്പിന്റെ ആലപ്പുഴയിലെ ഏറ്റവും ചിലവ് കുറഞ്ഞ ഉല്ലാസ ബോട്ട് സർവീസ് ആണ് വേഗ -2. കായൽ യാത്ര ആസ്വദിക്കുന്നതിനും, ആലപ്പുഴയിലെ പ്രകൃതി രമണീയമായ സ്ഥലങ്ങൾ കാണുന്നതിനും ഈ സർവീസ് പ്രയോജനപ്പെടുത്താം. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ആണ് (ഒരാൾക്ക് 400/-രൂപ) 5 മണിക്കൂർ ദൈർഘ്യമുള്ള ഈ ജലയാത്ര ഒരുക്കിയിട്ടുള്ളത്. കുടുംബ ശ്രീ യൂണിറ്റിന്റെ ഉച്ച ഭക്ഷണവും(100/-Rs) ഇതിൽ ലഭ്യമാണ്.
രാവിലെ 11.30 മണിയോടെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും യാത്ര തിരിച്ച് പുന്നമട കായൽ, വേമ്പനാട് കായൽ,മുഹമ്മ, പാതിരാമണൽ ദ്വീപ്, കുമരകം,റാണി ചിത്തിര മാർത്താണ്ഡം, ആർ ബ്ലോക്ക്,മംഗലശ്ശേരി കുപ്പപ്പുറം വഴി 4.30 ഓടെ തിരികെ ബോട്ട് ജെട്ടിയിൽ എത്തിച്ചേരും. പിന്നീട് ബീച്ചിൽ എത്തി സായാഹ്നം കണ്ട് മടങ്ങാം. ആലപ്പുഴയുടെ കായൽ സൗന്ദര്യം വളരെ കുറഞ്ഞ ചിലവിൽ ഒരു ഇടത്തരം കുടുംബത്തിന് ഒരു ദിവസം ആസ്വദിക്കാൻ ഇത് പ്രയോജനപ്പെടുത്താം.
മറ്റൊരു പ്രത്യേകത ജീവനക്കാരുടെ മാന്യമായ ഇടപെടൽ ആണ്. പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തിൽ അവർ വളരെ ശ്രദ്ധയും, കരുതലും കാണിക്കുന്നു. എ സി യ്ക്ക് 600/- രൂപയാണ് ചാർജ്. എങ്കിലും യാത്രയുടെ സൗന്ദര്യം പൂർണരൂപത്തിൽ ആസ്വദിക്കാൻ നോൺ എ സി ആണ് കൂടുതൽ അഭികാമ്യം എന്ന് തോന്നുന്നു.
ബുക്കിങ് നമ്പർ :-
94000 50325